Home അറിവ് യൂട്യൂബില്‍ മോശം കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; എല്ലാം പരിശോധിക്കുന്നുണ്ട്

യൂട്യൂബില്‍ മോശം കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; എല്ലാം പരിശോധിക്കുന്നുണ്ട്

വിദ്വേഷം പരത്തുന്ന കമന്റുകള്‍ തടയുന്നതിനുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്. പരസ്പര ബഹുമാനത്തോടുകൂടിയുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ഇതുവഴി മറ്റുള്ളവര്‍ക്ക് പ്രശ്നമായേക്കാവുന്ന കമന്റുകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ യൂട്യൂബ് ഒരു മുന്നറിയിപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കും.

ഈ മുന്നറിയിപ്പ് കണ്ടതിന് ശേഷവും ഉപയോക്താവിന് കമന്റ് ചെയ്യുന്നത് തുടരുകയോ അല്ലെങ്കില്‍ അത് പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് എന്തെങ്കിലും മാറ്റം വരുത്തുകയും ചെയ്യാം. യൂട്യൂബിന്റെ നിര്‍മിത ബുദ്ധി സംവിധാനങ്ങള്‍ കമന്റ് പ്രശ്നമുള്ളതാണെന്ന് കണ്ടെത്തുമ്പോഴാണ് ഈ മുന്നറിയിപ്പ് കാണിക്കുക.

മോശം കമന്റുകളെ മാറ്റി നിര്‍ത്തുന്നതിനായുള്ള പുതിയ ഫില്‍റ്ററും യൂട്യൂബ് പരീക്ഷിക്കും. അത്തരം കമന്റുകള്‍ ഓട്ടോമാറ്റിക് ആയി റിവ്യൂ ചെയ്യപ്പെടും. ഇതുവഴി വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെടാത്ത കമന്റുകള്‍ വായിക്കേണ്ടി വരില്ല. ഈ പ്രക്രിയ സുഗമമാക്കാന്‍ തങ്ങള്‍ കമന്റ് മോഡറേഷന്‍ സംവിധാനം പരിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണെന്ന് യൂട്യൂബ് അധികൃതര്‍ വ്യക്തമാക്കി.

അടുത്തവര്‍ഷം മുതല്‍ ക്രിയേറ്റര്‍മാരുടെ ലിംഗം, വംശം, ഗോത്രം പോലുള്ള വിവരങ്ങള്‍ ചോദിച്ചറിയും. ക്രിയേറ്റര്‍മാര്‍ക്ക് സ്വമേധയാ ഇതിന് മറുപടി നല്‍കാം.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സെര്‍ച്ച്, ഡിസ്‌കവറി, മൊണടൈസേഷന്‍ സംവിധാനങ്ങളില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ പെടുന്ന ഉപയോക്താക്കള്‍ ഏത് രീതിയില്‍ പരിഗണിക്കപ്പെടുന്നു എന്നത് പരിശോധിക്കും. ചില വിഭാഗങ്ങളെ ബാധിക്കുന്ന വിദ്വേഷം, വിവേചനം, പീഡനം പോലുള്ളവയും പരിശോധിക്കുമെന്നും റൈറ്റ് പറഞ്ഞു.