Home ആരോഗ്യം പൊതുജനങ്ങള്‍ക്ക് സൗജന്യമായി കോണ്ടം; എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന് വ്യത്യസ്ത മാര്‍ഗവുമായി സംസ്ഥാനം

പൊതുജനങ്ങള്‍ക്ക് സൗജന്യമായി കോണ്ടം; എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന് വ്യത്യസ്ത മാര്‍ഗവുമായി സംസ്ഥാനം

പൊതുജനങ്ങള്‍ക്ക് സൗജന്യമായി കോണ്ടം നല്‍കി എയ്ഡ്‌സ് ബോധവത്ക്കരണവുമായി മിസോറാം സര്‍ക്കാര്‍. ടാക്‌സി- ബൈക്ക് റൈഡേഴ്‌സുമായി ചേര്‍ന്ന് യാത്രക്കാര്‍ക്ക് സൗജന്യമായി കോണ്ടം നല്‍കിയാണ് ബോധവല്‍ക്കരണം നടത്തുന്നത്. രാജ്യത്ത് എച്ച്‌ഐവി എയ്ഡ്‌സ് നിരക്ക് ഏറ്റവും ഉയര്‍ന്ന തോതിലുള്ള സംസ്ഥാനമാണ് മിസോറാം. ഇത് കുറയ്ക്കുകയാണ് കാംപെയ്‌ന്റെ ലക്ഷ്യം.

‘ലവ് ബ്രിഗേഡ്’ എന്ന പേരിലാണ് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനുള്ള ഈ നീക്കം നടത്തുന്നത്. മിസോറാം സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും എയ്ഡ്‌സ് ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷനും ചേര്‍ന്നാണ് മിസോറാം തലസ്ഥാനമായ ഐസ്വാളില്‍ ഇത്തരമൊരു ക്യാംപെയിന് തുടക്കമിട്ടത്.

15-49 പ്രായക്കാര്‍ക്കിടയില്‍ എയ്ഡ്‌സ് വ്യാപനം 2019 ഒക്ടോബറിലെ കണക്കനുസരിച്ച് 2.04 ശതമാനമാണെന്നാണ് മിസോറാം സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്. ഇത് രാജ്യ ശരാശരിയേക്കാള്‍ കൂടുതലാണ്. 0.22 ശതമാനമാണ് രാജ്യത്തെ എയ്ഡ്‌സ് രോഗികളുടെ നിരക്ക്. വര്‍ഷംതോറും ഉണ്ടാകുന്ന എയ്ഡ്‌സ് രോഗികളുടെ നിരക്ക് 1.32 ശതമാനമായും ഉയര്‍ന്നു. ഇത് രാജ്യശരാശരിയായ 0.07 ശതമാനത്തിന്റെ ഇരുപത് ഇരട്ടി വരും.

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണ് 78 ശതമാനം എച്ച്‌ഐവി എയ്ഡ്‌സും വ്യാപിക്കുന്നത്. അതിനാല്‍ തന്നെ സൗജന്യ കോണ്ടം പദ്ധതി വര്‍ഷങ്ങളായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. തിരക്കേറിയ മാര്‍ക്കറ്റ് പരിസരങ്ങളിലും സൗജന്യ കോണ്ടം പുള്‍ഔട്ട് കിയോസ്‌ക്കുകളും സ്ഥാപിച്ചിരുന്നു. മിസോറാമിന് പുറമെ മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നീ മറ്റ് രണ്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ഈ രീതി പിന്തുടരുന്നുണ്ട്.

കോണ്ടം സൗജന്യവിതരണം നടത്തുന്നത് ടാക്‌സി ഡ്രൈവര്‍മാരും ബൈക്ക് റൈഡര്‍മാരുമാണ്. ചുവന്ന ജാക്കറ്റ് ധരിച്ചാണ് ഇവര്‍ ക്യാംപെയിന്‍ നടത്തുന്നത്. വാഹനത്തിന്റെ മുന്‍സീറ്റിന്റെ ബാക്ക് പോക്കറ്റിലാണ് ടാക്‌സികളില്‍ കോണ്ടം സൂക്ഷിക്കുന്നത്. ഇത് യാത്രക്കാര്‍ക്ക് എടുക്കാം.

ഫ്രീ ലവ് കോണ്ടംസ് എന്ന പേരിലാണ് ഈ ക്യാംപെയിന്‍ നടക്കുന്നത്. കോണ്ടം സൗജന്യമായി വിതരണം ചെയ്യുക മാത്രമല്ല യാത്രക്കാര്‍ക്ക് എയ്ഡ്‌സ് രോഗത്തെക്കുറിച്ച് കൗണ്‍സലിങ് നല്‍കാനും ഈ ഡ്രൈവര്‍മാരെ പരിശീലിപ്പിച്ചിട്ടുണ്ട്. മിസോറാം സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഫ്രീ എച്ച്.എച്ച്.ഐ.വി. ടെസ്റ്റുകളെക്കുറിച്ച് വിവരം നല്‍കുന്ന ലഘുലേഖകളും പൊതുജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നുണ്ട്.

പൊതുജന മധ്യത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനുള്ള ബുദ്ധിമുട്ട് നീക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൈക്ക് റൈഡര്‍മാരുടെ അസോസിയേഷനുമായി കൂടി യോജിച്ച് ദ ലവ് ബ്രിഗേഡ് എന്ന പേരില്‍ ക്യാംപെയിന്‍ നടത്തുന്നത്. ഡിസംബര്‍ ഒന്നു മുതല്‍ പതിമൂന്ന് വരെയുള്ള ദിവസങ്ങളില്‍ ബോധവത്ക്കരണത്തിനായി നിരവധി പരിപാടികളാണ് തയ്യാറാക്കിയിരിക്കുന്നത്.