Home വാണിജ്യം ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ടാക്ടര്‍ വിപണിയില്‍; എട്ട് മണിക്കൂര്‍ ബാറ്ററി ബാക്കപ്പ്, 24 കിലോമീറ്റര്‍ വേഗത

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ടാക്ടര്‍ വിപണിയില്‍; എട്ട് മണിക്കൂര്‍ ബാറ്ററി ബാക്കപ്പ്, 24 കിലോമീറ്റര്‍ വേഗത

രാജ്യത്തെ ആദ്യ ഫീല്‍ഡ് റെഡി ഇലക്ട്രിക് ട്രാക്ടറായ ‘ടൈഗര്‍ ഇലക്ട്രിക്’ പുറത്ത്. ട്രാക്ടര്‍ നിര്‍മ്മാതാക്കളായ സോനാലിക ആണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. യൂറോപ്പില്‍ രൂപകല്‍പ്പന ചെയ്ത ട്രാക്ടര്‍ ഇന്ത്യയില്‍ വികസിപ്പിച്ചെടുത്തെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 5.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

ഒരു സാധാരണ ഹോം ചാര്‍ജിംഗ് പോയിന്റ് ഉപയോഗിച്ച് ടൈഗര്‍ ഇലക്ട്രിക് ട്രാക്ടര്‍ 10 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയും. ട്രാക്ടറിനായുള്ള ബുക്കിംഗ് കമ്പനി രാജ്യത്തുടനീളം ആരംഭിച്ചു. അത്യാധുനിക IP67 സവിശേഷതകളോടുകൂടിയ 25.5 കിലോവാട്ട് പ്രകൃതിദത്ത കൂളിംഗ് കോംപാക്ട് ബാറ്ററിയാണ് ട്രാക്ടറിന്റെ കരുത്ത്.

എഞ്ചിനില്‍ നിന്ന് ചൂട് കൈമാറ്റം ചെയ്യപ്പെടുന്നില്ലെന്നതും വളറെ കുറച്ച് ഭാഗങ്ങള്‍ മാത്രമുള്ളതിനാല്‍ വൈബ്രേഷന്‍ കുറവായിരിക്കുമെന്നതും അറ്റകുറ്റപണികള്‍ കുറയ്ക്കുമെന്ന് കമ്പനി പറയുന്നു. 2 ടണ്‍ ട്രോളി ഉപയോഗിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ടൈഗര്‍ ഇലക്ട്രിക് 24.93 കിലോമീറ്റര്‍ വേഗതയും 8 മണിക്കൂര്‍ ബാറ്ററി ബാക്കപ്പും ആണ് വാഗ്ദാനം ചെയ്യുന്നത്. ഇതിനുപുറമേ കേവലം നാല് മണിക്കൂറിനുള്ളില്‍ ചാര്‍ജ് ചെയ്യാവുന്ന അതിവേഗ ചാര്‍ജിംഗ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഹരിതവല്‍ക്കരണത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര വേഗത്തിലാക്കാനും 2030-ഓടെ ഇലക്ട്രിക്ക് വാഹനങ്ങള്‍ അവതരിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് അനുസൃതമായി തുടരാനുമുള്ള പ്രതിജ്ഞാബദ്ധതയാണ് ഈ ഫീല്‍ഡ് റെഡി ടൈഗര്‍ ഇലക്ട്രിക് ട്രാക്ടര്‍ എന്ന് സോണാലിക ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാമന്‍ മിത്തല്‍ പറഞ്ഞു. പരമ്പരാഗതമായി ഉപയോഗിക്കുന്ന ഡീസലുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രവര്‍ത്തന ചെലവിന്റെ നാലിലൊന്ന് മാത്രമേ ആവുകയുള്ളുവെന്നും കമ്പനി അവകാശപ്പെടുന്നു.