Home ആരോഗ്യം ആപ്പിള്‍ സിഡര്‍ വിനിഗര്‍ നല്ലത് തന്നെ, പക്ഷേ ഉപയോഗിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ആപ്പിള്‍ സിഡര്‍ വിനിഗര്‍ നല്ലത് തന്നെ, പക്ഷേ ഉപയോഗിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ക്കാലത്ത് ആപ്പിള്‍ സിഡര്‍ വിനിഗര്‍ ഉപയോഗിക്കാത്തവര്‍ കുറവായിരിക്കും. വണ്ണം കുറയ്ക്കാനും മുടിയുടെയും നഖത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ആപ്പിള്‍ സിഡര്‍ വിനിഗര്‍ ഉപയോഗിക്കുന്നവരുണ്ട്. അതുപോലെ തന്നെ വീഡിയോകളിലും റിപ്പോര്‍ട്ടുകളിലുമെല്ലാം ഇക്കാര്യം എല്ലാവരും എടുത്തുപറയാറുമുണ്ട്.

ഇവയെ എല്ലാം അടിസ്ഥാനപ്പെടുത്തി വണ്ണം കുറയ്ക്കാനും മുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനും അഴകിനും വേണ്ടി ആപ്പിള്‍ സിഡര്‍ വിനിഗര്‍ വാങ്ങി ഉപയോഗിക്കുന്നവരും കുറവല്ല. എന്നാല്‍ ചില കാര്യങ്ങളെ കുറിച്ച് മുന്‍ധാരണകളില്ലെങ്കില്‍ ഇതിന്റെ ഉപയോഗം തെറ്റായ ഫലമുണ്ടാക്കുമെന്നാണ് പ്രമുഖ ലൈഫ്സ്റ്റൈല്‍ കോച്ചായ ലൂക്ക് കുടീഞ്ഞ്യോ പറയുന്നത്.

ആദ്യമായി വണ്ണം കുറയ്ക്കാനായി ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞിരിക്കണം. പെട്ടെന്ന് വണ്ണം കുറയ്ക്കാനായി പ്രത്യേകിച്ച് ഒരു മാജിക് മരുന്നും പ്രാബല്യത്തിലില്ലെന്നും അത്തരം മിഥ്യാധാരണകള്‍ വേണ്ടെന്നുമാണ് ആമുഖമായി അദ്ദേഹം പറയുന്നത്. ഹോര്‍മോണുകളുടെ ‘ബാലന്‍സ്’ കൃത്യമാകുന്നതോടെയാണ് വണ്ണം കുറയുന്നതെന്നും അതിന് മികച്ച ഡയറ്റും ജീവിതരീതിയും വ്യായാമവും ഉറക്കക്രമവും എല്ലാം വേണം. സമ്മര്‍ദ്ദങ്ങള്‍ അകറ്റിനിര്‍ത്താന്‍ സാധിക്കണമെന്നതും പ്രധാനമാണ്.

ഇത്തരം ജീവിതരീതി പിന്തുടരുന്നതിനൊപ്പം ആപ്പിള്‍ സിഡര്‍ വിനിഗര്‍ പോലുള്ള ഉത്പന്നങ്ങളും സഹായമായേക്കാം. അല്ലാതെ അത് മാത്രം ഉപയോഗിക്കുന്നത് കൊണ്ട് ഒരിക്കലും വണ്ണം കുറയ്ക്കാന്‍ സാധിക്കില്ല.

ഇനി ആപ്പിള്‍ സൈഡര്‍ വിനിഗര്‍ കഴിക്കുമ്പോഴോ ചര്‍മ്മത്തില്‍ പ്രയോഗിക്കുമ്പോഴോ ആദ്യം അത് അവരവരുടെ ശരീരപ്രകൃതിക്കും ആരോഗ്യത്തിനും യോജിക്കുന്നതാണോ എന്ന് പരിശോധിക്കണം. കഴിയുമെങ്കില്‍ ഒരു ഡയറ്റീഷ്യന്റെയോ ന്യൂട്രീഷ്യനിസ്റ്റിന്റെയോ നിര്‍ദേശം തേടിയ ശേഷം മാത്രം ഇത് ഉപയോഗിച്ച് തുടങ്ങുന്നതാണ് നല്ലത്.

‘നമ്മുടെ ശരീരത്തിന് യോജിക്കുന്നതാണെങ്കില്‍ അവ കൃത്യമായ രീതിയില്‍ കൃത്യമായ അളവില്‍ ഉപയോഗിക്കുന്നതിലൂടെ മറ്റ് പരിശ്രമങ്ങളുടെ കൂടെ കൂട്ടത്തില്‍ ഫലം നല്‍കാം. പൊതുവേ ദഹനരസം കുറഞ്ഞിരിക്കുന്നവരിലാണ് ആപ്പിള്‍ സൈഡര്‍ വിനിഗര്‍ നല്ല ഫലം നല്‍കാറുള്ളത്. ദഹനരസം കുറഞ്ഞവരില്‍ ദഹനപ്രവര്‍ത്തനങ്ങളും കുറഞ്ഞിരിക്കും. ആപ്പിള്‍ സൈഡര്‍ വിനിഗര്‍ കഴിക്കുന്നതോടെ ദഹനരസം കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും ദഹനം സുഗമമായി നടക്കുകയും ചെയ്യുന്നു.

നേരത്തേ അസിഡിറ്റി പോലുള്ള ദഹനപ്രശ്നങ്ങള്‍ നേരിടുന്നവര്‍ ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശം തേടുന്നതാണ് ഉചിതമെന്നും അല്ലാത്ത പക്ഷം ഒരുപക്ഷേ പ്രശ്നം കുറെക്കൂടി സങ്കീര്‍ണമായി മാറാം.

താരന്‍ അകറ്റാനും ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിക്കുന്നവരുണ്ട്. ഇതിനായി ആപ്പിള്‍ സൈഡര്‍ വിനിഗറെടുക്കുമ്പോള്‍ ഇരട്ടി അളവില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ അല്ലാത്തപക്ഷം പൊള്ളാനിടയുണ്ട്.