Home വിദ്യഭ്യാസം ഒരു വർഷം രണ്ട് ബോർഡ്‌ പരീക്ഷ.നയം മാറ്റാനൊരുങ്ങി സി ബി എസ് ഇ

ഒരു വർഷം രണ്ട് ബോർഡ്‌ പരീക്ഷ.നയം മാറ്റാനൊരുങ്ങി സി ബി എസ് ഇ

ഒരേ വര്‍ഷം രണ്ട് ബോര്‍ഡ് എക്സാമുകള്‍ (Board Exams) നടത്തുന്നതിനെതിരെ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്ന സാഹചര്യത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (CBSE) പുനഃരാലോചനയ്ക്ക് തയ്യാറാവുന്നു.അടുത്ത വ‍ര്‍ഷം പഴയ പോലെ തന്നെയായിരിക്കും പരീക്ഷകള്‍ നടത്തുക.

ടേം 2 പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീ‍ഡിയയില്‍ വിദ്യാ‍ര്‍ഥികളുടെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. പല കോണുകളില്‍ നിന്നും വിമ‍ര്‍ശനങ്ങളും ഉയരുന്നുണ്ട്. ഒരേ വര്‍ഷം രണ്ട് ബോര്‍ഡ് പരീക്ഷകള്‍ എഴുതേണ്ടി വരുന്ന അവസാനത്തെ ബാച്ചായിരിക്കും ഇത്തവണത്തേത്. വരുന്ന വര്‍ഷം മുതല്‍ പഴയ പോലെത്തന്നെ സിബിഎസ്‌ഇ പൊതുപരീക്ഷ നടത്താനാണ് സാധ്യത.

2022-23 ബാച്ചിലേക്കുള്ള സിബിഎസ്‌ഇ 10-ാം ക്ലാസ്, 12-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പതിവുപോലെ ഒരു പരീക്ഷ മാത്രമേ നടത്തുകയുള്ളൂ. കഴിഞ്ഞ വര്‍ഷം കോവി‍ഡ് 19 മഹാമാരി പടര്‍ന്ന് പിടിച്ചതോടെയാണ് രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയും പ്രതിസന്ധിയിലായത്. ഇതോടെ സിബിഎസ്‌ഇ ടേം 1, ടേം 2 ബോര്‍ഡ് പരീക്ഷകള്‍ ഒരുമിച്ച്‌ നടത്താന്‍ നിര്‍ബന്ധിതരായി. കോവിഡ് 19 മൂന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സിബിഎസ്‌ഇക്ക് പരീക്ഷ കൃത്യമായി നടത്താന്‍ സാധിച്ചിരുന്നില്ല. ഇത്തവണ സമാന സാഹചര്യം ഉണ്ടായാലും ഒന്നാം ടേമിലെ പരീക്ഷയുടെ മാര്‍ക്കും ഇന്റെർണൽ അസസ്മെന്‍റിലെ മാര്‍ക്കും പരിഗണിച്ച്‌ ഫലപ്രഖ്യാപനം നടത്തും. കോവിഡ് പ്രതിസന്ധിക്ക് അയവുള്ളതിനാല്‍ ക്ലാസുകള്‍ കൃത്യമായി നടക്കുന്നത് വലിയ ആശ്വാസമാണ്.രണ്ട് ബോര്‍ഡ് പരീക്ഷകള്‍ നടത്താന്‍ ദേശീയ വിദ്യാഭ്യാസ നയം (NEP) 2022 നിര്‍ദ്ദേശിച്ചിരുന്നു. രണ്ട് പരീക്ഷകളില്‍, രണ്ടാമത്തെ പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ സ്കോറുകള്‍ മെച്ചപ്പെടുത്താന്‍ അവസരം ലഭിക്കും. എന്‍ഇപിയുടെ നിര്‍ദ്ദേശത്തോടെ, രണ്ട് ബോര്‍ഡ് പരീക്ഷാ സമ്പ്രദായം സിബിഎസ്‌ഇ തുടര്‍ന്നേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ വലിയ വിമര്‍ശനങ്ങള്‍ കാരണം ഈ സമ്പ്രദായം തുടരേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം.

രണ്ട് ടേം പരീക്ഷകള്‍ ഒരു വ‍ര്‍ഷം തന്നെ നടത്തിയത് സിബിഎസ്‌ഇയുടെ വണ്‍ ടൈം ഫോ‍ര്‍മുലയായിരിക്കുമെന്ന് റിപ്പോ‍ര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പഴയ വാര്‍ഷിക പരീക്ഷാ സമ്പ്രദായത്തിലേക്ക് ഇനി സിബിഎസ്‌ഇ തിരിച്ച്‌ പോവും. എന്നാല്‍ സിലബസ് വെട്ടിക്കുറയ്ക്കുന്നത് അടുത്ത വര്‍ഷവും തുടരും. സിലബസ് കുറച്ച്‌ കൊണ്ടായിരിക്കും വിദ്യാ‍ര്‍ഥികള്‍ക്ക് പരീക്ഷ നടത്തുക. കോവിഡ് പ്രതിസന്ധി കാരണം നിരവധി ക്ലാസുകള്‍ നഷ്ടമായിരുന്നു. ഇത് കൊണ്ടാണ് സിലബസ് വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. 2020ല്‍ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും സിലബസുകള്‍ 30 ശതമാനം വെട്ടിക്കുറച്ചിരുന്നു. ഇത് തുടരാനാണ് സാധ്യത.

ഇംപ്രൂവ്മെന്‍റ് പരീക്ഷാഫലം വേണമെന്ന് ദേശീയ വിദ്യാഭ്യാസ നയം (NEP) പ്രകാരം നിര്‍ദ്ദേശം വന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരിക്കല്‍ കൂടി പരീക്ഷ എഴുതാന്‍ അവസരം ലഭിച്ചേക്കും. ബോര്‍ഡ് അടുത്ത തവണ ചേര്‍ന്നതിന് ശേഷം മാത്രമേ ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണമൊന്നും തന്നെ ഇത് വരെ വന്നിട്ടില്ല.