Home അറിവ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഇടവേളയെടുക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തും

സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഇടവേളയെടുക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തും

സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഒരാഴ്‌ചത്തെ ഇടവേളയെടുക്കുന്നത് (സോഷ്യല്‍ മീഡിയ ഡീടോക്‌സ്) ഒരു വ്യക്തിയുടെ ക്ഷേമകാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നുവെന്നും വിഷാദത്തിന്‍റെയും ഉത്‌കണ്‌ഠയുടെയും ലക്ഷണങ്ങള്‍ കുറയ്‌ക്കുന്നുവെന്നും പഠനം.

ഒരാഴ്‌ചത്തെ സോഷ്യല്‍ മീഡിയ ഡീടോക്‌സ് മാനസികാരോഗ്യത്തിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച്‌ ബാത്ത് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

പഠനത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ക്ക് ഇതിലൂടെ ഇന്‍സ്റ്റഗ്രാം, ഫേസ്‌ബുക്ക്, ട്വിറ്റര്‍, ടിക്‌ടോക്ക് എന്നിവ ഉപയോഗിക്കാന്‍ എടുത്തിരുന്ന ഒമ്പത് മണിക്കൂര്‍ സമയമാണ് ഒരാഴ്‌ച കൊണ്ട് ലഭിച്ചത്.

പഠനത്തിനായി ഗവേഷകര്‍ 18നും 72നും ഇടയില്‍ പ്രായമുള്ള, ദിവസവും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന 154 വ്യക്തികളെ തെരഞ്ഞെടുത്തു. അവരെ രണ്ട് ഗ്രൂപ്പ് ആയി മാറ്റുകയും ഒരു ഗ്രൂപ്പിനോട് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിര്‍ത്താനും മറ്റേ ഗ്രൂപ്പിനോട് സാധാരണ പോലെ ഉപയോഗിക്കാനും ആവശ്യപ്പെട്ടു.

പഠനത്തിന്‍റെ തുടക്കത്തില്‍ ഒരോ വ്യക്തിയുടെയും ഉത്‌കണ്‌ഠ, വിഷാദം, ക്ഷേമം എന്നിവ കണക്കാക്കിയിരുന്നു.പഠനത്തിന്‍റെ തുടക്കത്തില്‍ ആഴ്ചയില്‍ ശരാശരി 8 മണിക്കൂര്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചതായി പങ്കെടുത്തവര്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്‌ചയ്ക്ക് ശേഷം സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടവര്‍ക്ക്, ഉപയോഗിക്കുന്നത് തുടരുന്നവരെ അപേക്ഷിച്ച്‌ വിഷാദം, ഉത്‌കണ്‌ഠ എന്നിവയുടെ ലക്ഷണങ്ങളില്‍ കാര്യമായ കുറവുണ്ടായതായി കാണപ്പെട്ടു.

ഫലത്തില്‍, സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഒരാഴ്‌ചത്തെ ഇടവേള എടുത്തവരില്‍ പലരിലും മെച്ചപ്പെട്ട മാനസികാവസ്ഥയും കുറഞ്ഞ ഉത്‌കണ്‌ഠയും സ്ഥിരീകരിക്കപ്പെട്ടു. ചെറിയ ഇടവേളയ്ക്ക് പോലും സ്വാധീനം ചെലുത്താന്‍ കഴിയും എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

സമൂഹ മാധ്യമം പലര്‍ക്കും ജീവിതത്തിന്‍റെ ഭാഗമാണ്. എന്നാല്‍ നിങ്ങള്‍ മണിക്കൂറുകളോളം അത് ഉപയോഗിക്കുകയും അത് നിങ്ങളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നതായി തോന്നുന്നുവെങ്കില്‍ അവയുടെ ഉപയോഗം കുറയ്ക്കുന്നത് വളരെ ഫലപ്രദമാണെന്ന് ബാത്ത് സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഹെല്‍ത്ത് ഗവേഷകനായ ഡോ. ജെഫ് ലാംബര്‍ട്ട് പറഞ്ഞു.