Home ആരോഗ്യം വാര്‍ധക്യത്തെ പിടിച്ചു നിർത്താൻ പറ്റിയ നല്ല ഭക്ഷണ ശീലങ്ങള്‍

വാര്‍ധക്യത്തെ പിടിച്ചു നിർത്താൻ പറ്റിയ നല്ല ഭക്ഷണ ശീലങ്ങള്‍

പ്രായത്തെ പിടിച്ചു നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല. എന്നാല്‍ എത്ര വേഗം പ്രായമാകുന്നു എന്ന് നിര്‍ണയിക്കുന്ന ചില ഘടകങ്ങളെ നമുക്ക് സ്വാധീനിക്കാനാകും. ഉചിതമായ ഭക്ഷണക്രമത്തിലൂടെയും സന്തുലിതമായ പോഷണത്തിലൂടെയും വാര്‍ധക്യത്തെ വൈകിപ്പിക്കാനും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും സാധിക്കും

നമ്മുടെ ഹോര്‍മോണ്‍ തോത്, ജനിതക മാതൃക, ചയാപചയസംവിധാനം എന്നിവയെല്ലാമാണ് വാർദ്ധക്യത്തെ സ്വാധീനിക്കുന്ന ആന്തരികമായ ഘടകങ്ങള്‍. അള്‍ട്രാവയലറ്റ് രശ്മികള്‍, പോഷകമൂല്യം, രാസ മലിനീകരണം എന്നിവയെല്ലാം വാര്‍ധക്യത്തെ ബാധിക്കുന്ന ബാഹ്യ ഘടകങ്ങളാണ്. .

വൈറ്റമിനുകള്‍, പെപ്റ്റൈഡുകള്‍, പോളിഫെനോളുകള്‍, പോളിസാക്കറൈഡുകള്‍, ഫാറ്റി ആസിഡുകള്‍, ഡയറ്ററി പ്രോബയോട്ടിക്കുകള്‍ എന്നിങ്ങനെ വാര്‍ധക്യത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്ന നിരവധി പോഷണ ഘടകങ്ങളുണ്ട്.

ആരോഗ്യകരമായ വാര്‍ധക്യത്തിനായി പിന്തുടരാവുന്ന ആറ് ഭക്ഷണ ശീലങ്ങള്‍ പരിചയപ്പെടാം.

1. പ്ലെയ്റ്റ് നിറയ്ക്കാം ആരോഗ്യകരമായ ഭക്ഷണങ്ങളാല്‍

നിങ്ങളുടെ ഭക്ഷണ പ്ലെയ്റ്റില്‍ പാതി അതാത് കാലത്ത് ലഭ്യമായ പച്ചക്കറികളാകണം. കാല്‍ഭാഗം അവശ്യ പ്രോട്ടീനുകള്‍ അടങ്ങിയ പയര്‍, മുട്ട എന്നിവ പോലത്തെ ഭക്ഷണങ്ങളാകാം. ശേഷിക്കുന്ന ഭാഗത്ത് അരി, ഗോതമ്പ് പോലുള്ള ധാന്യങ്ങളാകാം. ആരോഗ്യകരമായ വാര്‍ധക്യത്തിന് സന്തുലിതമായ ഭക്ഷണക്രമം വളരെ ആവശ്യമാണ്.

2. പരിമിതമായ തോതില്‍ കൊഴുപ്പ്

ഭക്ഷണത്തില്‍ കൊഴുപ്പ് ഉള്‍പ്പെടുത്തണമെങ്കിലും അവ മിതമായ തോതിലായിരിക്കണം. നട്സ്, ഒലീവ് എണ്ണ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ നിത്യ ഭക്ഷണത്തിന്‍റെ ഭാഗമാക്കാം. അനാരോഗ്യകരമായ കൊഴുപ്പ് ഒഴിവാക്കാം.

3. സംസ്കരിച്ച ഭക്ഷണവിഭവങ്ങള്‍ കുറയ്ക്കാം

റിഫൈന്‍ ചെയ്ത പഞ്ചസാര, ധാന്യങ്ങള്‍, മധുര പാനീയങ്ങള്‍, ബ്രഡ്, മധുരം ചേര്‍ത്ത ധാന്യങ്ങള്‍, സംസ്കരിച്ച മറ്റ് ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവ പ്രായമാകുമ്പോൾ കഴിവതും ഒഴിവാക്കണം. ബേക്കറി വിഭവങ്ങള്‍, സംസ്കരിച്ച മാംസം തുടങ്ങിയവയും ഒഴിവാക്കാം.

4. പാതി ഒഴിച്ചിടാം വയര്‍

ഭക്ഷണം വയര്‍ നിറയെ കഴിക്കാന്‍ പറ്റിയ സമയമല്ല വാര്‍ധക്യം. എപ്പോഴും വയറില്‍ അല്‍പം സ്ഥലം ഒഴിച്ചിട്ട് വേണം ഭക്ഷണം കഴിക്കാന്‍.

5. നന്നായി വെള്ളം കുടിക്കാം

ആരോഗ്യകരമായ ശരീരത്തിന് ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ദിവസം കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.

6. ഭക്ഷണം കഴിക്കാം പ്രകൃതിദത്ത രൂപത്തില്‍

ഭക്ഷണ വിഭവങ്ങളെ അവയുടെ പ്രകൃതിദത്ത രൂപത്തില്‍ കഴിക്കാനായാല്‍ അത്രയും നല്ലത്. പായ്ക്ക് ചെയ്ത ഭക്ഷണങ്ങളില്‍ പോഷണമൂല്യം കുറവായിരിക്കും. സാലഡുകള്‍ പോലുള്ളവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം