Home അറിവ് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടക്കും; 80 വയസ് കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ്

നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടക്കും; 80 വയസ് കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ്

നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ ആണ് ഈ തീരുമാനം. എണ്‍പത് വയസിന് മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് പോസ്റ്റല്‍ വോട്ടിനുള്ള അവസരം നല്‍കും.

കൂടുതല്‍ പോളിങ് ബൂത്തുകള്‍ തയാറാക്കാക്കുന്നതും പരിഗണനയിലുണ്ട്. ഇതോടെ ഒരു ബൂത്തില്‍ ആയിരം പേര്‍ക്ക് വോട്ട് ചെയ്യാനുള്ള ക്രമീകരണം ഉണ്ടാകും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. അതിനു ശേഷവും പേര് ചേര്‍ക്കാനുള്ള അപേക്ഷ ഓണ്‍ലൈനായി നല്‍കാവുന്നതാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലറിയിച്ചു.

പുതുക്കിയ അന്തിമ വോട്ടര്‍ പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിക്കും. നവംബര്‍ 16 മുതല്‍ ഇന്നുവരെ കിട്ടിയത് 5,38,000 അപേക്ഷകളാണ്. നവംബര്‍ 16 നാണ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്.

2021 ജനുവരി 1ന് മുന്‍പ് 18 വയസ് തികയുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. എല്ലാ പൗരന്മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും നിലവിലുള്ള വോട്ടര്‍മാര്‍ക്ക് വോട്ടര്‍പട്ടികയിലെ വിവരങ്ങളില്‍ നിയമാനുസൃത മാറ്റങ്ങള്‍ വരുത്തുന്നതിനും ഡിസംബര്‍ 31 വരെ അവസരമുണ്ട്.

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് തിരുത്തലുകള്‍ക്കുമായി www.voterportal.eci.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പിലൂടെയും അപേക്ഷിക്കാം . കൂടുതല്‍ വിവരങ്ങള്‍ക്കായി 1950 എന്ന ടോള്‍ഫ്രീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.