Home വാണിജ്യം ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് വ്യാപകമാകുന്നു; തട്ടിപ്പിനായി 72 ആപ്പുകള്‍, ജാഗ്രതാ മുന്നറിയിപ്പ്

ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് വ്യാപകമാകുന്നു; തട്ടിപ്പിനായി 72 ആപ്പുകള്‍, ജാഗ്രതാ മുന്നറിയിപ്പ്

ണ്‍ലൈനിലൂടെ വായ്പ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് പെരുകുന്നു. നിരവധിയാളുകളാണ് തട്ടിപ്പിനിരയായെന്ന വെളിപ്പെടുത്തലുമായി ഇതിനോടകം രംഗത്തെത്തിയത്. ലളിതമായ വ്യവസ്ഥകള്‍ എന്ന പരസ്യം കണ്ട് പെട്ടെന്ന് ലോണ്‍ തരപ്പെടുമെന്ന് വിശ്വസിച്ച് തട്ടിപ്പിന് ഇരയാകുന്നത് നൂറുകണക്കിന് പേരാണ്. പതിനായിരക്കണക്കിന് രൂപയാണ് വായ്പ വാഗ്ദാനങ്ങളില്‍ വീണ് പലര്‍ക്കും നഷ്ടമായത്.

ലോക്ഡൗണ്‍ കാലത്ത് സാമ്പത്തിക മിക്കവരും ഞെരുക്കത്തിലാണെന്നതാണ് ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പുകാര്‍ മുതലാക്കുന്നത്. അര മണിക്കൂറിനകം ലോണ്‍ നല്‍കുമെന്ന് കാണിച്ച് ഫേസ്ബുക്കില്‍ ഉള്‍പ്പെടെ ഇത്തരം പരസ്യങ്ങള്‍ കാണാം. ഇന്റര്‍നെറ്റില്‍ നടത്തുന്ന സെര്‍ച്ചുകളില്‍ നിന്നോ സാമൂഹിക മാധ്യമങ്ങളില്‍ നിന്നോ ആണ് ഇത്തരം സംഘങ്ങള്‍ക്ക് ഇ-മെയില്‍ വിലാസം കിട്ടുന്നത്. എത്ര വേണമെങ്കിലും വ്യക്തിഗത വായ്പ എന്ന തരത്തില്‍ മെയില്‍ വരും.

സാമ്പത്തിക പ്രശ്‌നങ്ങളാല്‍ നട്ടം തിരിഞ്ഞ് നില്‍ക്കുന്നവരാണ് ഈ ചതിക്കുഴികളില്‍ വീണുപോകുന്നവരില്‍ അധികവും. ഒരു ലക്ഷം മുതല്‍ ഒരു കോടി വരെ വായ്പ വാഗ്ദാനം ചെയ്യുന്ന മെയിലുകള്‍ സാധാരണമാണ്. ഇവര്‍ 35 മുതല്‍ 50 ശതമാനം വരെ പലിശ ഈടാക്കും.

ചെറിയ തുക വായ്പ നല്‍കുമ്പോള്‍ തന്നെ ഉയര്‍ന്ന കൈകാര്യ തുകയും എവിടെയും കേട്ടുകേള്‍വിയില്ലാത്ത പലിശയുമാണ് ഈടാക്കുന്നത്. വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ഭീഷണികളും തുടങ്ങും. 5000രൂപയുടെ ലോണ്‍ തീര്‍ക്കാന്‍ 3000ന്റെ മൂന്ന് ലോണെടക്കേണ്ടി വന്നവരും ഒരു ലക്ഷം എടുത്തിട്ട് ഇപ്പോള്‍ മൂന്നരലക്ഷം അടച്ചുകഴിഞ്ഞവരുമുണ്ട്.

ഓണ്‍ലൈന്‍ തട്ടിപ്പിനായി ഏകദേശം 72 ആപ്ലിക്കേഷനുകള്‍ പ്ലേ സ്‌റ്റോറില്‍ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. വായ്പയ്ക്കായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ അവര്‍ പറയുന്ന നിബന്ധനകള്‍ അംഗീകരിച്ചേ മുന്നോട്ടുപോകാനാകൂ. ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റ്, കാമറ, ഗ്യാലറി തുടങ്ങിയവയിലേക്ക് കമ്പനിക്ക് കടന്നുകയറാം. വായ്പയ്ക്ക് അപേക്ഷിച്ചാല്‍ മൊബൈല്‍ ഫോണിലെ ഫോട്ടോകളും ഫോണ്‍ബുക്കും അടക്കം സ്വകാര്യ വിവരങ്ങളെല്ലാം ചോര്‍ത്തിയെടുക്കും. ആധാര്‍ കാര്‍ഡ് നമ്പര്‍, പാന്‍ കാര്‍ഡ് നമ്പര്‍, ഒപ്പിന്റെ ഫോട്ടോ ഇത്‌റയും വിഡിയോ കോളില്‍ കാണിച്ചാല്‍ വീഡിയോ കെവൈസി റെഡി. പിന്നാലെ വായ്പയും ലഭിക്കും.

വായ്പ തിരിച്ചടക്കുന്നത് വൈകിയാല്‍ സ്വകാര്യവിവരങ്ങള്‍ മൊബൈലില്‍ നിന്ന് ചോര്‍ത്തിയെടുത്ത് അതുപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതാണ് ഇവരുടെ രീതി. മുമ്പ് കൊടുത്ത രേഖകള്‍ ഉപയോഗിച്ച് വായ്പ വാങ്ങിയ ആളുടെ ഫോണിലെ എല്ലാ കോണ്‍ടാക്ട് നമ്പറുകളും എടുത്ത് വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കും.വായ്പ എടുത്തയാളിന്റെ ബന്ധുക്കളും പരിചയക്കാരുമായവരെ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കും. അതിലേക്കാണ് അജ്ഞാതന്‍ സന്ദേശങ്ങള്‍ അയയ്ക്കുക.

വായ്പ തിരിച്ചടയ്ക്കാത്ത തട്ടിപ്പു കാരനാണ് ഇയാള്‍ എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് വരിക. ഇതേ തുടര്‍ന്ന് എങ്ങനെയും പണം സംഘടിപ്പിച്ച് പണം അടയ്ക്കും. അതോടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഇല്ലാതാവുകയും ചെയ്യും. നാണക്കേട് ഓര്‍ത്ത് ഇത്തരം സംഭവങ്ങള്‍ പരാതിപ്പെടാന്‍ പോലും ആള്‍ക്കാര്‍ തയ്യാറാവില്ല. ഒടുവില്‍ ഇത്തരം ഭീഷണികള്‍ ആത്മഹത്യയിലേക്ക് നയിച്ചപ്പോഴാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഓണ്‍ലൈന്‍ വായ്പാത്തട്ടിപ്പു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തട്ടിപ്പിനു പിന്നില്‍ ചൈനക്കാര്‍ അടക്കം വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. ഒരുകോടി നാല്‍പതു ലക്ഷം ഇടപാടുകളിലൂടെ 21,000 കോടി രൂപയുടെ വായ്പ ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി നല്‍കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.