Home അറിവ് പള്‍സ് പോളിയോ വിതരണം 31ന്; നിര്‍ദേശങ്ങള്‍ അറിയാം

പള്‍സ് പോളിയോ വിതരണം 31ന്; നിര്‍ദേശങ്ങള്‍ അറിയാം

സംസ്ഥാനത്ത് ഈ മാസം 31നു പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കും. അഞ്ച് വയസില്‍ താഴെയുള്ള 24.49 ലക്ഷത്തിലേറെ കുട്ടികള്‍ക്കാണ് പോളിയോ വാക്‌സിന്‍ നല്‍കുന്നത്. 24,49,222 കുട്ടികള്‍ക്ക് ഞായറാഴ്ച പോളിയോ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു.

രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 വരെ ആയിരിക്കും വിതരണം. ബൂത്തുകളിലെത്തുന്നവര്‍ മാസ്‌ക്, കൈകളുടെ ശുചിത്വം, സുരക്ഷിത അകലം തുടങ്ങി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. കുട്ടികള്‍ക്കു കൂട്ടായി 60 വയസിനു മുകളിലുള്ളവര്‍ ബൂത്തുകളില്‍ എത്തുന്നത് ആരോഗ്യ വകുപ്പ് വിലക്കിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തിലാണു വിലക്ക്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് കൊണ്ടായിരിക്കും പോളിയോ വിതരണം.

പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിനായി സംസ്ഥാനത്താകെ 24,690 ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. അങ്കണവാടികള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ കുട്ടികള്‍ വന്നു പോകാന്‍ ഇടയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ സ്ഥാപിച്ച് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കും.

കൂടാതെ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ 5 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പോളിയോ തുള്ളിമരുന്ന് ലഭ്യമാക്കുന്നതിനായി മൊബൈല്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. രോഗപ്രതിരോധ വാക്സിനേഷന്‍ പട്ടിക പ്രകാരം പോളിയോ പ്രതിരോധ മരുന്ന് നല്‍കിയിട്ടുള്ള കുട്ടികള്‍ക്കും പള്‍സ് പോളിയോ ദിനത്തില്‍ പ്രതിരോധ തുള്ളിമരുന്ന് നല്‍കണം.

എന്തെങ്കിലും കാരണവശാല്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ദിനത്തില്‍ വാക്സിന്‍ ലഭിക്കാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്തുകയും വോളണ്ടിയര്‍മാര്‍ അവരുടെ വീടുകളില്‍ പോളിയോ പ്രതിരോധ തുള്ളിമരുന്ന് എത്തിക്കാനുള്ള സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്.