കേരളത്തിലെ ചരിത്രാതീത ഗുഹാചിത്രങ്ങളില്‍ പ്രധാനം എടക്കല്‍ ഗുഹയിലേതാണ്. വയനാട്ടിലെ തന്നെ തൊവരി, ഇടുക്കിയിലെ മറയൂര്‍, തിരുവനന്തപുരം പാണ്ടവന്‍പാറ, കൊല്ലം തെന്മല എന്നിവിടങ്ങളിലും ഇത്തരം ചിത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ കോറി വരയ്ക്കപ്പെട്ട ചിത്രങ്ങളുടെ ഗണത്തിലാണ് എടക്കല്‍ ചിത്രങ്ങള്‍.
ബിസി 4000 വര്‍ഷങ്ങള്‍ക്കും 1000 വര്‍ഷങ്ങള്‍ക്കും ഇടയില്‍ നിലനിന്നിരുന്ന നവീന ശിലായുഗത്തിലേതാണ് ഈ ചിത്രങ്ങളെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

സമുദ്രനിരപ്പില്‍ നിന്ന് 4000 അടി ഉയരത്തിലാണ് എടക്കല്‍ ഗുഹ സ്ഥിതിചെയ്യുന്നത്. ഇവിടേക്ക് എത്തിപ്പെടുക ആയാസകരമാണ്. ഗുഹയ്ക്ക് 96 അടി നീളവും 22അടി വീതിയുമുണ്ട്. മുകളില്‍ അല്‍പ്പം തുറന്ന പാറയിലൂടെ ഗുഹയിലേക്ക് ആവശ്യമായ വെളിച്ചം ലഭിക്കുന്നു. 500 ചതുരശ്രയടി വിസ്തൃതിയിലാണ് ഇവിടെ ചിത്രങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. 1901 ല്‍ ഇന്ത്യാ ആന്റി ക്വറി എന്ന പത്രികയില്‍ അന്നത്തെ ബ്രിട്ടീഷ് മലബാര്‍ പോലീസ് സൂപ്രണ്ടായ എ.എഫ്. ഫോസറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് എടക്കല്‍ ഗുഹാ ചിത്രങ്ങളെക്കുറിച്ച് ലോകമറിയുന്നത്. 1984ല്‍ സംസ്ഥാന പുരാവസ്തുവകുപ്പ് എടക്കല്‍ ഗുഹ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു.
ചിത്രങ്ങളില്‍ നിന്ന് മനസിലാവുന്നത് അക്കാലത്ത് നിലനിന്നിരുന്ന ഗോത്രസംസ്‌കാരമാണ് ഇവിടെ കോറിയിട്ടിരിക്കുന്നത് എന്നാണ്. ആള്‍ രൂപങ്ങള്‍, മൃഗങ്ങള്‍, ചക്രവണ്ടികള്‍, അക്ഷരങ്ങള്‍, അക്കങ്ങള്‍ എന്നിവ കോറിവരഞ്ഞത് കാണാന്‍ സാധിക്കും. അവയില്‍ വേറിട്ട് നില്‍ക്കുന്നത് ആൾരൂപങ്ങളാണ്.
ആയുധവും ആഭരണങ്ങളും തൂവല്‍ തലപ്പാവുകളും ധരിച്ച് നില്‍ക്കുന്ന മനുഷ്യരൂപങ്ങള്‍ ഗോത്രവ്യവസ്ഥിതിയെ സൂചിപ്പിക്കുന്നു. കൂടാതെ ആന, നായ, ചെടികള്‍, ചക്രവണ്ടികള്‍, ജ്യാമിതീയ രൂപങ്ങള്‍ എന്നിവയും കൗതുകമുണർത്തുന്നതാണ്. മുപ്പതില്‍പരം മനുഷ്യരൂപങ്ങളും പതിനഞ്ചില്‍പരം മൃഗരൂപങ്ങളും കൂട്ടത്തിലുണ്ട്. ചിത്രങ്ങള്‍ കൂടാതെ ഏതാനും ലിഖിതങ്ങളും ഇവിടെ കാണാം. പക്ഷേ അവ ചിത്രങ്ങളോളം പഴക്കമുള്ളവയല്ലെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ചിത്രങ്ങളിൽ പലപുലി താത്തക്കാരി, വെട് കോമലൈ കച്ചവന ചത്തി, ശ്രീവിഷ്ണുവര്‍മ്മ കുടുംബിയ കുലവര്‍ദ്ധനസ്യലിഖിതം, ശ്രീവഴുമി തുടങ്ങിയവ തമിഴ് ബ്രാഹ്മി ലിപി, വടക്കന്‍ ബ്രാഹ്മിലിപി തുടങ്ങിയവയാണെന്ന് ചരിത്രകാരന്മാരുടെ ഭാഷ്യം.

ലോകത്തിലെ ചിത്രങ്ങളും ചിഹ്നങ്ങളും നിറഞ്ഞ ചരിത്രാതീതകാല ചിത്രസഞ്ചയങ്ങളില്‍ ഏറ്റവും മികച്ച് നില്‍ക്കുന്നവയാണ് എടക്കല്‍ ഗുഹയിലെ നവീന ശിലായുഗ ചിത്രസഞ്ചയം എന്ന് പറയാം. അമ്പുകുത്തിമലയില്‍ സ്ഥിതിചെയ്യുന്ന എടക്കല്‍ ഗുഹയിലെത്താന്‍ കോഴിക്കോടുനിന്നും ഊട്ടിയില്‍ നിന്നും 90 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി.
സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് 12കിലോമീറ്ററും കല്‍പ്പറ്റയില്‍ നിന്ന് 28 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.







