Home അറിവ് ഡെബിറ്റ് കാര്‍ഡുമായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍; സര്‍ക്കാര്‍ മേഖലയില്‍ ഇതാദ്യം

ഡെബിറ്റ് കാര്‍ഡുമായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍; സര്‍ക്കാര്‍ മേഖലയില്‍ ഇതാദ്യം

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ആദ്യമായി ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കുന്നു. പൊതുമേഖലാ ബാങ്കുകളുമായി സഹകരിച്ച് അഞ്ചു വര്‍ഷം കാലാവധിയുള്ള റുപേ പ്ലാറ്റിനം കാര്‍ഡുകളാണ് നല്‍കുക. ഇതിന്റെ ഭാഗമായി ഡെബിറ്റ് കാര്‍ഡ് ബ്രാന്‍ഡ് ചെയ്യുമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

എടിഎം, പിഒഎസ് മെഷീനുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ തുടങ്ങി മറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ വഴി നടത്താന്‍ കഴിയുന്ന എല്ലാവിധ ഇടപാടുകളും കെ എഫ്സി കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്താനാകും. കെഎഫ്സിയുടെ മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധപ്പെടുത്തി വലിയ തുകയുടെ ഇടപാടുകളും നടത്താനാകും. ഇനിമുതല്‍ കെഎഫ്‌സി സംരംഭകര്‍ക്കുള്ള വായ്പാ വിതരണവും തിരിച്ചടവും നടത്തുന്നത് ഇതുവഴി ആയിരിക്കും.

കാര്‍ഡ് മുഖേന പണം കൊടുക്കുന്ന സംവിധാനം വരുമ്പോള്‍ വായ്പാ വിനിയോഗം കൃത്യമായി കെഎഫ്സിക്ക് നേരിട്ട് നിരീക്ഷിക്കാനാകും. ഇതുവരെ കെഎഫ്സി വായ്പകളുടെ തിരിച്ചടവ് പ്രതിമാസമായിരുന്നു. ഇപ്പോള്‍ പ്രധാന വായ്പകളിലേക്കുള്ള തിരിച്ചടവ് ആഴ്ചതോറുമോ ദിവസംതോറുമോ തിരിച്ചടക്കാന്‍ കഴിയും.

ഗൂഗിള്‍ പേ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പുതിയ സൗകര്യം. ഡെബിറ്റ് കാര്‍ഡ് നിലവില്‍ വന്നാല്‍ തിരിച്ചടവ് ഇനിയും ലളിതമാകും. പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ മുന്നോടിയായാണിത്. കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കും ഡെബിറ്റ് കാര്‍ഡ് നല്‍കും. ശമ്പളവും മറ്റ് അലവന്‍സുകളും ഈ രീതിയില്‍ നല്‍കും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ധനകാര്യ സ്ഥാപനം ഡെബിറ്റ് കാര്‍ഡുകള്‍ വിപണിയിലിറക്കുന്നത്.