Home അറിവ് ഇ-കൊമേഴ്‌സ് ആപ്പുകളിലൂടെ വിനിമയം നടത്തുന്നവര്‍ ശ്രദ്ധിക്കുക; തട്ടിപ്പുസംഘങ്ങള്‍ പണം തട്ടുന്നു

ഇ-കൊമേഴ്‌സ് ആപ്പുകളിലൂടെ വിനിമയം നടത്തുന്നവര്‍ ശ്രദ്ധിക്കുക; തട്ടിപ്പുസംഘങ്ങള്‍ പണം തട്ടുന്നു

ഴയതും പുതിയതുമായ സാധനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ആപ്പുകളില്‍ പരസ്യം നല്‍കുന്നവരെ വലയിലാക്കി ക്യൂആര്‍ കോഡ് വെച്ച് പണം തട്ടുന്ന സംഘങ്ങള്‍. പരസ്യം നല്‍കുന്ന സാധനങ്ങള്‍ വാങ്ങാന്‍ താത്പര്യം അറിയിച്ചാകും ഇവരുടെ വിളിയെത്തുക. വടക്കേ ഇന്ത്യന്‍ സംഘമാണ് പ്രവര്‍ത്തനത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

പൊതുവേ ആപ്പില്‍ വില്പന നടക്കുന്ന സാധനങ്ങള്‍ക്ക് പകരം, വിരളമായി ലഭിക്കാവുന്ന സാധനങ്ങള്‍ വാങ്ങാന്‍ താത്പര്യം അറിയിച്ചാണ് ഇവര്‍ ബന്ധപ്പെടുക. സാധനങ്ങള്‍ നേരില്‍ കാണാതെ തന്നെ ഇവ വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിക്കും. ഹിന്ദി സംസാരിക്കുന്ന ഇവര്‍ നിലവില്‍ കേരളത്തിലുണ്ടെന്നോ, അല്ലായെങ്കില്‍ അടുത്തുതന്നെ കേരളത്തിലേക്ക് വരുമെന്നോ അറിയിക്കും.

ശേഷം വിലപേശല്‍ തുടങ്ങുകയാണ്. വിലപേശല്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞ് പണം അക്കൗണ്ടിലേക്ക് ഇടാമെന്നറിയിക്കും. ഇതോടെയാണ് തട്ടിപ്പിനായുള്ള വല വിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ വഴി പണം അയച്ചു നല്‍കാന്‍ ഗൂഗിള്‍ പേ വഴി സാധിക്കും. എന്നാല്‍ ഇത്തരത്തില്‍ അയയ്ക്കുമ്പോള്‍ ഇടപാട് പരാജയപ്പെടുന്നുവെന്ന് ഇവര്‍ അറിയിക്കും.

പകരം ക്യൂ ആര്‍ കോഡ് വഴി എളുപ്പത്തില്‍ പണം അയച്ചു നല്‍കാനാകുമെന്ന് പറയും. ക്യൂ ആര്‍ കോഡ് വഴി പണം അയയ്ക്കാനറിയാത്തവര്‍ക്ക് നിര്‍ദേശങ്ങള്‍ അടങ്ങുന്ന ഒരു ക്ലാസും ഇവര്‍ നല്‍കും. പണം സ്വീകരിക്കുന്നയാളുടെ ക്യൂ ആര്‍ കോഡ് വാങ്ങാതെ ഇവര്‍ നല്‍കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ പറയും. ഇതോടെ തട്ടിപ്പിലേക്ക് വീഴുകയും ചെയ്യും.

ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ പണം അങ്ങോട്ട് അയയ്ക്കുന്നതിനുള്ള പ്രോസസിങ് കാണിക്കും. ഈ സമയം കരാര്‍ ഉറപ്പിച്ചിരിക്കുന്ന തുക ടൈപ്പ് ചെയ്യുന്നതോടെ പണം നമ്മുടെ അക്കൗണ്ടില്‍നിന്ന് നഷ്ടമാകും. പണം വീഴുന്നതോടെ ഈ മൊബൈല്‍ നമ്പര്‍ സ്വിച്ച് ഓഫ് ചെയ്ത് അടുത്ത ഇരയെ തേടി സംഘം പോകും.

മുമ്പ് ഇതുവഴി സേനയിലെ ഉദ്യോഗസ്ഥരുടെ വാഹനം വില്‍ക്കാനുണ്ടെന്ന പേരില്‍ തട്ടിപ്പ് നടത്തിയിരുന്നു. ഇതില്‍ ഓരോ പ്രോസസിങ് ഫീസുകള്‍ പറഞ്ഞായിരുന്നു പണം തട്ടിയിരുന്നത്. ഇത് നടക്കാതെയായപ്പോഴാണ് ക്യൂ ആര്‍ കോഡ് തട്ടിപ്പുമായി എത്തിയിരിക്കുന്നത്.

ക്യൂ ആര്‍ കോഡ് സ്‌കാനിങ് തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിക്കുന്നുണ്ട്. സൈബര്‍ പൊലീസിന്റെ നേതൃത്വത്തില്‍ ഇതിന്റെ അന്വേഷണം നടന്നുവരികയാണ്. ഇത്തരം മെസേജുകള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം.