Home Uncategorized തനിമ നഷ്ടപ്പെടാതെ ഇതുപോലെ പരിപാലിക്കുന്ന മറ്റൊരു ഉദ്യാനം ഉണ്ടാകില്ല

തനിമ നഷ്ടപ്പെടാതെ ഇതുപോലെ പരിപാലിക്കുന്ന മറ്റൊരു ഉദ്യാനം ഉണ്ടാകില്ല

പാലക്കാടിന്റെ ഭംഗി ആസ്വദിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് മലമ്പുഴ. പാലക്കാട് ടൗണില്‍ നിന്ന് ഏകദേശം 12 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ടിക്കറ്റെടുത്ത് അകത്ത് പ്രവേശിച്ചാല്‍ പിന്നെ പൂക്കളാല്‍ നിറഞ്ഞ ഉദ്യാനം കാണാം. ഇത്രയ്ക്ക് പ്രൊഫഷണലായി പരിപാലിക്കുന്ന ഉദ്യാനങ്ങള്‍ നമ്മുടെ നാട്ടില്‍ കുറവാണെന്ന് വേണം പറയാന്‍.

പൂക്കളുടെ കൂട്ടത്തിനിടയിലൂടെ കാഴ്ചകള്‍ കണ്ടുനടക്കാം. പശ്ചിമഘട്ട മലനിരകളുടെ താഴ് വാരത്തിലാണ് മലമ്പുഴ ഡാമും അതിനോടുചേര്‍ന്ന ഉദ്യാനവും. പൂ നിരത്തിയ ചെറു വഴികളിലൂടെ മുന്നോട്ടു ചെന്നാല്‍ അതിമനോഹരമായ ജലധാര കാണാം. ഡയമണ്ട് ആകൃതിയിലുള്ള കുളത്തിലാണ് ജലധാര ഒരുക്കിയിരിക്കുന്നത്.

കേരള വിനോദസഞ്ചാര വകുപ്പാണ് ഉദ്യാനം പരിപാലിക്കുന്നത്. ഉദ്യാനത്തിന്റെ ആകാശക്കാഴ്ച കാണാതെ ഈ യാത്ര പൂര്‍ത്തിയാവില്ല. അതിനായി റോപ് വേകളും ഇവിടെയുണ്ട്. ഒരു കാലത്ത് കേരളത്തിലെ പ്രാദേശിക ടൂറിസത്തിന്റെ അടയാളമായിരുന്നു മലമ്പുഴ ഡാമും ഈ ഉദ്യാനവും. സമീപജില്ലകളില്‍ നിന്ന് വിദ്യാര്‍ത്ഥികളും മറ്റും സ്ഥിരമായി വന്നുകൊണ്ടിരുന്ന സ്ഥലമായിരുന്നു മലമ്പുഴ. ഉദ്യാനത്തില്‍ നിന്ന് നോക്കിയാല്‍ ഡാം കാണാം.

മദ്രാസ് സര്‍ക്കാരിന്റെ കാലത്ത് 1914-ലാണ് ഇവിടെ ഒരണക്കെട്ട് എന്ന ആശയം വരുന്നത്. ആറു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി 1955-ല്‍ ഉദ്ഘാടനം ചെയ്തു. രണ്ട് തൂക്കുപാലങ്ങളാണ് ഇവിടെയുള്ളത്. ഡാമിനോട് ചേര്‍ന്ന ജലാശയത്തിന് കുറുകേയാണിവ നിര്‍മിച്ചിരിക്കുന്നത്. പാലത്തിനപ്പുറം നന്ദി പാര്‍ക്കാണ്. ഡാമില്‍ സഞ്ചാരികള്‍ക്ക് ബോട്ടിങ്ങിന് സൗകര്യവുമുണ്ട്. പെഡല്‍ ബോട്ടും യന്ത്രബോട്ടുമുണ്ട്.

ചെറിയ പടവുകളിലൂടെ ഡാമിന്റെ മുകള്‍ഭാഗത്ത് കയറാം. കൈവരികള്‍ കൊണ്ട് സംരക്ഷണവും ഒരുക്കിയിരിക്കുന്നു. മുകളില്‍ നിന്ന് നോക്കുമ്പോള്‍ കാഴ്ചകള്‍ മറ്റൊന്നാവുകയാണ്.

വിഖ്യാത ശില്പി കാനായി കുഞ്ഞിരാമന്റെ യക്ഷി എന്ന പ്രതിമ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. മുപ്പതടി ഉയരമുണ്ട് യക്ഷി ശില്പത്തിന്. 1967-ലാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി മലമ്പുഴയില്‍ ശില്പങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിക്കുന്നത്. മദ്രാസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്‌സിന്റെ പ്രിന്‍സിപ്പാളായ കെസിഎസ് പണിക്കരെ നിര്‍മാണച്ചുമതല ഏല്‍പ്പിച്ചു. അദ്ദേഹമാണ് കാനായി കുഞ്ഞിരാമനെന്ന പ്രതിഭയെ മലമ്പുഴയിലേക്ക് കൊണ്ടുവരുന്നത്.