Home കൃഷി പഴയ കാര്‍ഷിക-ഗൃഹോപകരണങ്ങള്‍ വില്‍ക്കാനുണ്ടോ? പണം തരാമെന്ന് കാര്‍ഷിക ഗവേഷണകേന്ദ്രം

പഴയ കാര്‍ഷിക-ഗൃഹോപകരണങ്ങള്‍ വില്‍ക്കാനുണ്ടോ? പണം തരാമെന്ന് കാര്‍ഷിക ഗവേഷണകേന്ദ്രം

നിങ്ങളുടെ വീട്ടിലുള്ള പരമ്പരാഗത കാര്‍ഷിക ഉപകരണങ്ങളും പഴയകാല ഗൃഹോപകരണങ്ങളും വില്‍ക്കാനുണ്ടെങ്കില്‍ പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രത്തെ സമീപിച്ചാല്‍ മതി. ഉപകരണങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാനത്തെ പതിന്നാല് ജില്ലകളിലും സൗകര്യമൊരുക്കും.

കേന്ദ്രത്തിലെ ടിഎസ് തിരും മുന്‍പ് കാര്‍ഷിക സംസ്‌കൃതി പഠനകേന്ദ്രം പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവ ശേഖരിക്കുന്നത്. പഠനകേന്ദ്രം വികസിപ്പിക്കുന്നതിന്റെ ഭാഗമായി പഴയകാല കൃഷിരീതികളും ഉപകരണങ്ങളും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനായി പ്രത്യേകം മ്യൂസിയം ഒരുക്കാനാണ് പദ്ധതി.

ഞേങ്ങോലും നുകവും (കലപ്പ), മരക്കപ്പല (മരക്കുന്നപല), ഉവ്വേണി, കട്ടകോയി, വിത്തൂട്ടി, മുറം, ഇടങ്ങഴി, നാഴി, പറ, സേറ്, പത്തായം, തുമ്പോട്ടി, നിലംതല്ലി, കളക്കുട (ഓലക്കുട) എന്നീ കാര്‍ഷികോപകരപണങ്ങള്‍ എല്ലാം സ്വീകരിക്കും.

അമ്മി, കടച്ചക്കല്ല് (ആട്ടുകല്ല്), അടച്ചൂറ്റി, അയിത്തപ്പാള, അല്ലിപ്പൂട്ട്, ആവണിപ്പലക, ഇടിമുട്ടി, ഇഡ്ഡലിച്ചെമ്പ്, ഇരുമ്പുപെട്ടി, ഉടുപ്പുപെട്ടി, ഉരലും ഉലക്കയും, ഉറി, ഈരായി, എണ്ണക്കിണ്ണം, എണ്ണക്കുഴി, എണ്ണക്കുറ്റി, എണ്ണഭരണി, എഴുത്തോല, കച്ചട്ടി, കഞ്ചര്‍, കടയല്‍യന്ത്രം, കറിമരി, കളസ, കാടിപ്പലക, കാതിലോല, കിണ്ണം, കിണ്ടി, കുട്ടുകം, കുഴിയമ്മി, കുരിയ, കൈകോല്‍, കൊട്ടൂമി, കണ്ടപ്പൂട്ട്, കൊണ്ടോട്ടി, കോളാമ്പി, കോരിക, കോഴിവാല്‍, ഗ്രാമഫോണ്‍, ചാണ, ചെപ്പ്, ചെമ്പുകുടം, തിരിപ്പുകല്ല്, തട്ട, തുപ്പുണ്ണം, തുലാന്‍, തൗ, ധുഡി, നാരായം, നൂറ്റുകുടം, നൂറ്റടപ്പം, നാഴികവട്ട, പണപ്പലക തുടങ്ങിയ പഴയകാല ഗൃഹോപകരണങ്ങളും സ്വീകരിക്കും.

കൂടാതെ, പ്രതിഫലം സ്വീകരിക്കാതെ പഠനകേന്ദ്രത്തിലേക്ക് സംഭാവനയായി നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കും. ഉപകരണങ്ങള്‍ കൈയിലുള്ളവര്‍ക്ക് 0467-2260632 എന്ന നമ്പറില്‍ വിളിക്കാം.