Home ആരോഗ്യം ആര്‍ത്തവ പ്രശ്‌നങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമാണോ? പരിഹാരമുണ്ട്

ആര്‍ത്തവ പ്രശ്‌നങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമാണോ? പരിഹാരമുണ്ട്

മാറുന്ന ജീവിതരീതിക്കൊപ്പം ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സ്ത്രീകളില്‍ കൂടിവരുന്നുണ്ട്. അടുത്തിടെ പുറത്തുവന്ന പല പഠനറിപ്പോര്‍ട്ടുകളും ഇക്കാര്യം ശരിവെക്കുന്നുമുണ്ട്. ജീവിതശൈലിയിലെ അനാരോഗ്യകരമായ മാറ്റങ്ങളാണ് അധികം സ്ത്രീകളെയും ഇതിലേക്ക് നയിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധരും സൂചിപ്പിക്കുന്നത്.

അതുകൊണ്ട്, ജീവിതശൈലിയില്‍ ചില നല്ല മാറ്റങ്ങള്‍ വരുത്താനായാല്‍ ഒരു പരിധി വരെയെങ്കിലും ആര്‍ത്തവപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. അതിന് ആദ്യം ചെയ്യേണ്ടത് ഡയറ്റ് അഥവാ ഭക്ഷണരീതികളിലെ അഴിച്ചുപണിയാണ്. ചില പോഷകങ്ങള്‍ അധികമായി ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഇത് ആര്‍ത്തവപ്രശ്നങ്ങളെ പരിഹരിക്കുന്നതിന് പ്രത്യേകമായി സഹായിക്കും.

മഗ്‌നീഷ്യമാണ് ഇക്കൂട്ടത്തിലുള്‍പ്പെടുന്ന ഒരു പോഷകം. ആര്‍ത്തവസമയത്ത് ഏറ്റവുമധികം സ്ത്രീകള്‍ പറയുന്ന പരാതി, വയറുവേദന ശരീരവേദന എന്നിവയെ കുറിച്ചാണ്. ഈ വേദനകള്‍ മാറിയാല്‍ തന്നെ ആര്‍ത്തവവുമായി ബന്ധപ്പെട്ട ഒരുവിധം പ്രശ്നങ്ങളെല്ലാം ഇല്ലാതായി.

മഗ്‌നീഷ്യത്തിനാണെങ്കില്‍ മസിലുകളെ ‘റിലാക്സ്’ ആക്കാനുള്ള കഴിവുണ്ട്. ഇത് ആര്‍ത്തവസമയത്തെ വേദനകളെ ലഘൂകരിക്കാന്‍ സഹായിക്കുന്നു. ഇത് സപ്ലിമെന്റായോ അതല്ലെങ്കില്‍ ഭക്ഷണത്തിലൂടെ തന്നെയോ കഴിക്കാം. സപ്ലിമെന്റായി കഴിക്കണമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശം തേടേണ്ടതുണ്ട്.

ദിവസത്തില്‍ 300 മുതല്‍ 400 ഗ്രാം വരെ മഗ്‌നീഷ്യമാണ് ആര്‍ത്തവദിവസങ്ങളില്‍ എടുക്കേണ്ടത്. ഇലക്കറികള്‍, ബദാം, പീനട്ട്സ്, സീഡ്സ്, പരിപ്പുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയെല്ലാം മഗ്‌നീഷ്യത്തിന്റെ നല്ല സ്രോതസുകളാണ്.

വൈറ്റമിന്‍ ബി-6 ആണ് ആര്‍ത്തവപ്രശ്നങ്ങളെ പരിഹരിക്കാന്‍ സഹായിക്കുന്ന അടുത്തൊരു പോഷകം. ആര്‍ത്തവസമയത്തുണ്ടാകുന്ന നിര്‍ജലീകരണം, സ്തനങ്ങളിലെ വേദന, മൂഡ് മാറ്റം, വേദന എന്നിവയെ എല്ലാം ലഘൂകരിക്കാന്‍ വൈറ്റമിന്‍ ബി-6 സഹായകമാണ്. ഓട്ട്സ്, നേന്ത്രപ്പഴം, മത്സ്യം, ചിക്കന്‍, സോയാബീന്‍, പീനട്ടസ് എന്നിവയെല്ലാം വൈറ്റമിന്‍ ബി-6നാല്‍ സമ്പുഷ്ടമാണ്.

ഇതും ഭക്ഷണത്തിലൂടെയല്ലെങ്കില്‍ സപ്ലിമെന്റായി എടുക്കാം. എന്നാല്‍ അതിന് ഡോക്ടറുടെ നിര്‍ദേശം വാങ്ങിയിരിക്കണം. ആര്‍ത്തവസമയത്ത് ഉപ്പ് കഴിവതും കുറയ്ക്കണം. പഴങ്ങളും പച്ചക്കറികളും അധികമായി കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, കാത്സ്യം നല്ല തോതിലടങ്ങിയ ഭക്ഷണം കഴിക്കുക, മദ്യപിക്കുന്നവരാണെങ്കില്‍ അത് പൂര്‍ണ്ണമായി ഒഴിവാക്കുക, കഫീന്‍ നിയന്ത്രിക്കുക, അയേണ്‍ അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുക.