Home ആരോഗ്യം അതിവേഗ വൈറസ് പടരുന്നു; രണ്ടാഴ്ചക്കിടെ ഇന്ത്യയില്‍ 158 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

അതിവേഗ വൈറസ് പടരുന്നു; രണ്ടാഴ്ചക്കിടെ ഇന്ത്യയില്‍ 158 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കൊറോണ വൈറസിന്റെ അപകടകാരിയായ വകഭേദം രാജ്യത്ത് പടരുന്നു. ബ്രിട്ടന്‍, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നി രാജ്യങ്ങളില്‍ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദമാണ് ഇന്ത്യയില്‍ പടരുന്നത്. രാജ്യത്ത് ഇതുവരെ 400 പേരെ ബാധിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ 158 കേസുകള്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

മാര്‍ച്ച് നാലിലെ കണക്കനുസരിച്ച് അതിവേഗ വൈറസ് ബാധിച്ച 242 കേസുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. പുതിയ വൈറസ് വകഭേദങ്ങള്‍ കൂടുതല്‍ മാരകമാണ്. ഉയര്‍ന്ന വ്യാപനശേഷി ഉള്ളത് കൊണ്ട് കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാര്‍സ് കൊറോണ വൈറസ്-2 ബാധിച്ചവരെ വീണ്ടും രോഗികളാക്കാന്‍ ഈ പുതിയ വൈറസ് വകഭേദങ്ങള്‍ക്ക് ശേഷിയുള്ളതായി കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനി ചൗബ രാജ്യസഭയില്‍ പറഞ്ഞു.

ലോകാരോഗ്യസംഘടനയുടെ കണ്ടെത്തലുകളെ ഉദ്ധരിച്ചാണ് അശ്വനി ചൗബ സഭയില്‍ മറുപടി നല്‍കിയത്. പുതിയ വൈറസ് വകഭേദം വീണ്ടും ബാധിച്ച കേസുകള്‍ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡിസംബര്‍ 29ന് ബ്രിട്ടനില്‍ നിന്ന് രാജ്യത്ത് എത്തിയ ആറ് യാത്രക്കാരിലാണ് ആദ്യമായി പുതിയ കോവിഡ് വകഭേദം കണ്ടെത്തിയത്.