Home വാണിജ്യം വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയബാങ്ക്; കേന്ദ്രം അനുമതി നല്‍കി

വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയബാങ്ക്; കേന്ദ്രം അനുമതി നല്‍കി

രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ അവതരിപ്പിച്ച ഡവലപ്പ്മെന്റ് ഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. അടിസ്ഥാന സൗകര്യ വികസനത്തിന് രൂപം നല്‍കുന്ന ദേശീയ ബാങ്കിന് പ്രാരംഭ മൂലധനമായി കേന്ദ്രം 20,000 കോടി രൂപയാണ് അനുവദിക്കുക. ഇതിന് പുറമേ ഗ്രാന്‍ഡായി 5000 കോടി രൂപയും അനുവദിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ബജറ്റിലാണ് രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് പണം കണ്ടെത്താന്‍ ദേശീയ ബാങ്കിന് രൂപം നല്‍കുമെന്ന് നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത്. ബാങ്ക് രൂപീകരിക്കുന്നതിനാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. തുടക്കത്തില്‍ 25000 കോടി രൂപയാണ് ബാങ്കിന് നീക്കിവെയ്ക്കുക. ഇത് ഉപയോഗിച്ച് വരും വര്‍ഷങ്ങളില്‍ മൂന്ന് ലക്ഷം കോടി രൂപ കണ്ടെത്താനാണ് ലക്ഷ്യമിടുന്നതെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

പെന്‍ഷന്‍ ഫണ്ട് അടക്കം വിവിധ മാര്‍ഗങ്ങളില്‍ നിന്ന് പണം കണ്ടെത്തുകയാണ് ബാങ്കിന്റെ ലക്ഷ്യം. സര്‍ക്കാരിന്റെ ദീര്‍ഘകാല വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ ലക്ഷ്യമിട്ടാണ് പുതിയ ബാങ്കിന് രൂപം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബാങ്കിനായി കടപ്പത്രം ഇറക്കാനും സര്‍ക്കാരിന് ആലോചനയുണ്ട്.