Home അറിവ് ഒടിപി തീരെ സുരക്ഷിതമല്ല, എസ്എംഎസ് ഹാക്ക് ചെയ്യപ്പെട്ടേക്കും; മുന്നറിയിപ്പുമായി വിദഗ്ധര്‍

ഒടിപി തീരെ സുരക്ഷിതമല്ല, എസ്എംഎസ് ഹാക്ക് ചെയ്യപ്പെട്ടേക്കും; മുന്നറിയിപ്പുമായി വിദഗ്ധര്‍

ണ്‍ലൈന്‍ ഇടപാടുകള്‍ സുരക്ഷിതമാക്കാനാണ് ഒടിപി സംവിധാനം ഉപയോഗിക്കുന്നത്. എന്നാല്‍ ഒടിപി സംവിധാനവും സുരക്ഷിതമല്ല എന്ന മുന്നറിയിപ്പ് നല്‍കുകയാണ് വിദഗ്ധര്‍. ഒടിപി അയക്കാനായി മുഖ്യമായി ആശ്രയിക്കുന്ന ടെക്സ്റ്റ് മാനേജ്മെന്റ് സിസ്റ്റം ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ടെക്സ്റ്റ് മാനേജ്മെന്റ് സിസ്റ്റം ഹാക്ക് ചെയ്ത ശേഷം ഒടിപി വിവരങ്ങള്‍ റീ ഡയറക്ട് ചെയ്ത് തട്ടിപ്പ് നടത്താന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വാട്സ്ആപ്പ് പോലുള്ള സര്‍വീസുകള്‍ ലോഗിന്‍ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ലിങ്കുകളും സുരക്ഷിതമല്ല. ഇവയും ഹാക്ക് ചെയ്യപ്പെടാമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ടെലികോം കമ്പനികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്ന ശ്രദ്ധ കുറവുകള്‍ ഹാക്കര്‍മാര്‍ ചൂഷണം ചെയ്തെന്ന് വരാം. ഉപഭോക്താവ് അറിയാതെ ടെക്സ്റ്റ് മെസേജിങ് മാനേജ്മെന്റ് സിസ്റ്റം ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്താനുള്ള സാധ്യത കൂടുതലായതിനാല്‍ ജാഗ്രത പാലിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

മദര്‍ബോര്‍ഡ് റിപ്പോര്‍ട്ടര്‍ ജോസഫ് കോക്സിന് ഉണ്ടായ അനുഭവമാണ് ഇതിലേക്ക് വെളിച്ചം വീശുന്നത്. ഹാക്കര്‍ എളുപ്പത്തില്‍ എസ്എംഎസ് റീഡയറക്ട് ചെയ്യുകയും വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്തതാണ് പുതിയ തരത്തിലുള്ള സൈബര്‍ ആക്രമണത്തിന്റെ അപകട സാധ്യത പുറത്തു കൊണ്ടുവന്നത്. തന്റെ എസ്എംഎസ് ഹാക്ക് ചെയ്യപ്പെട്ട കാര്യം കോക്സ് അറിയാതെയാണ് തട്ടിപ്പ് നടന്നത്.

കമ്പനി നല്‍കുന്ന സര്‍വീസിനെ കുറിച്ച് മുന്‍കൂട്ടി അറിയിക്കാതെ എസ്എംഎസ് ആയി സന്ദേശം അയച്ചാല്‍ ഉണ്ടാകാനിടയുള്ള അപകട സാധ്യതയാണ് പുറത്തുവന്നത്. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് കഴിഞ്ഞാല്‍ പാസ്വേര്‍ഡ് പോലും റീസെറ്റ് ചെയ്യാന്‍ സാധിക്കില്ല. വാട്സ്ആപ്പില്‍ ചാറ്റുകള്‍ ഉള്‍പ്പെടെ സ്വകാര്യ വിവരങ്ങള്‍ പോലും ചോര്‍ത്തിയെന്നും വരാം. ഹാക്കര്‍മാര്‍ ബ്ലാക്ക് മെയില്‍ ചെയ്ത പണം തട്ടാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എസ്എംഎസ് റീഡയറക്ഷന്‍ സേവനത്തിന് സേവനദാതാക്കള്‍ നിസാര തുകയാണ് ഈടാക്കുന്നത്. ബിസിനസ് ഇടപാടുകള്‍ക്കാണ് സാധാരണ നിലയില്‍ ഈ സേവനം പ്രയോജനപ്പെടുത്തുന്നത്. ഇത് ചൂഷണം ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരു പരിധി വരെ ഇതിനെ തടയാന്‍ സഹായകമാകും. ഇമെയില്‍ വഴി ഒടിപി അയക്കുകയാണെങ്കിലും സുരക്ഷാ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.