Home അറിവ് പച്ചക്കറികളും പലവ്യഞ്ജനങ്ങളും സപ്ലൈകോ വഴി ഓണ്‍ലൈനായി ലഭിക്കും; ഹോം ഡെലിവറിയുമായി കണ്‍സ്യൂമര്‍ ഫെഡും

പച്ചക്കറികളും പലവ്യഞ്ജനങ്ങളും സപ്ലൈകോ വഴി ഓണ്‍ലൈനായി ലഭിക്കും; ഹോം ഡെലിവറിയുമായി കണ്‍സ്യൂമര്‍ ഫെഡും

ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റും നീതി മെഡിക്കല്‍ സ്റ്റോറും വഴി ഇനി ഭക്ഷ്യസാധനവും മരുന്നും വീട്ടുമുറ്റത്തേക്ക്. എത്തും. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണിത്. വ്യാഴാഴ്ച മുതല്‍ ഹോം ഡെലിവറി സംവിധാനം ആരംഭിച്ചാതായി കണ്‍സ്യൂമര്‍ഫെഡ് വ്യക്തമാക്കി. പലവ്യഞ്ജനങ്ങള്‍, മത്സ്യം, മാംസം, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ ഓണ്‍ലൈനില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനം സപ്ലൈകോയും ആരംഭിച്ചതായി അറിയിച്ചു.

സൂപ്പര്‍ മാര്‍ക്കറ്റുകളുടെ വാട്‌സാപ് നമ്പറില്‍ സാധനങ്ങളുടെ പട്ടിക നല്‍കിയാല്‍ അതുമായി ജീവനക്കാര്‍ തന്നെ വീട്ടിലേക്കെത്തും. ആദ്യഘട്ടം രോഗ വ്യാപനം കൂടിയ കേന്ദ്രങ്ങളിലും പിന്നാലെ മുഴുവന്‍ ഇടത്തേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി. കൂടാതെ കണ്‍സ്യൂമര്‍ ഫെഡിന്റെ 47 മൊബൈല്‍ ത്രിവേണി യൂണിറ്റുകള്‍ വിവിധയിടങ്ങളില്‍ സാധനങ്ങള്‍ എത്തിക്കും. ഇത് ലഭ്യമാകാത്ത മേഖലകളില്‍ കെഎസ്ആര്‍ടിസി വഴിയും പദ്ധതി നടപ്പിലാക്കും.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിത്യോപയോഗസാധനങ്ങള്‍ 15 ഇരട്ടിയാണ് സംഭരിച്ചിട്ടുള്ളത്. 78 നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി മരുന്നും സമാനമായാണ് വീടുകളിലെത്തിക്കുന്നത്. കെപ്കോ, ഹോര്‍ട്ടികോര്‍പ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പലവ്യഞ്ജനങ്ങള്‍, മത്സ്യം, മാംസം, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ സപ്ലൈകോ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത്.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം വഴുതയ്ക്കാട് പ്രവര്‍ത്തിക്കുന്ന സപ്ലൈകോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ 26 മുതല്‍ ഓണ്‍ലൈന്‍ പദ്ധതി ആരംഭിക്കും. തിരുവനന്തപുരം നഗര പരിധിയിലുള്ളവര്‍ക്ക് 8921731931 എന്ന വാട്സ് ആപ്പ് നമ്പരോ www.Bigcartkerala.com എന്ന വെബ്സൈറ്റോ ഇതിനായി ഉപയോഗിക്കാം.