Home ആരോഗ്യം എന്നും മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കണം എന്ന് പറയുന്നത് വെറുതെയല്ല; കാരണങ്ങളിതാ!!!

എന്നും മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കണം എന്ന് പറയുന്നത് വെറുതെയല്ല; കാരണങ്ങളിതാ!!!

കൊറോണക്കാലത്ത് നമ്മള്‍ ഏറ്റവുമധികം കേട്ട ഉപദേശം ദിവസവും മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കണമെന്ന ഉപദേശമായിരിക്കും. പലരും ഈ ഉപദേശം പിന്തുടര്‍ന്നിട്ടുമുണ്്. മഞ്ഞള്‍ വെള്ളത്തില്‍ കലക്കിയും കറികളില്‍ ചേര്‍ത്തുമെല്ലാം കഴിക്കുന്ന ശീലം ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ടാകും.

മഞ്ഞള്‍ നമ്മളെ സംബന്ധിച്ചിടുത്തോളം ഭക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനുമൊക്കെ ഉപയോഗിക്കുന്ന ഒരു പ്രധാന ചേരുവയാണ്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന പ്രാഥമിക ആന്റിഓക്സിഡന്റ് ആണ് കുര്‍ക്കുമിന്‍. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍, അമിതവണ്ണം, തുടങ്ങി മറ്റ് പല ആരോഗ്യപ്രശ്‌നങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ മഞ്ഞള്‍ നമ്മളെ സഹായിക്കും.

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകമാണ്. ദിവസവും മഞ്ഞള്‍ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ അടങ്ങിയിരിക്കുന്ന മാലിന്യം നീക്കം ചെയ്യാനും ഉപാപചയപ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

അമിതവണ്ണം കുറയ്ക്കുന്നതിനും മഞ്ഞള്‍ സഹായിക്കുമെന്ന് സമീപകാല ഗവേഷണങ്ങളില്‍ തെളിഞ്ഞതാണ്. മഞ്ഞളിലെ കുര്‍ക്കുമിന്‍ അമിതവണ്ണത്തിന് പരിഹാരമായ ഒരു ഔഷധമാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ശരീരഭാരം കുറയ്ക്കാനായി മഞ്ഞള്‍ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കാം. ഇതോടൊപ്പം മഞ്ഞള്‍ വെള്ളം കുടിക്കുന്നതും മികച്ച പോംവഴിയാണ്.

2020 ല്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, പ്രതിദിനം 80 മില്ലി ഗ്രാം കുര്‍ക്കുമിന്‍ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരുന്നത് തടയാന്‍ സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, മഞ്ഞള്‍ രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയുകയും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയുകയും ചെയ്യുന്നു.

ദിവസവും മഞ്ഞള്‍ കഴിക്കുന്നത് ഉത്കണ്ഠ കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് ‘യൂറോപ്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ കെമിസ്ട്രി’ യില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

മാത്രമല്ല, മഞ്ഞളിലെ കുര്‍കുമിന്‍ ചര്‍മ്മ സംരക്ഷണത്തിന് ഏറെ മികച്ചതാണെന്ന് പഠനങ്ങളില്‍ പറയുന്നു. പ്രകൃതിദത്തമായ ആന്റിസെപ്ടിക് ആണ് മഞ്ഞള്‍. ഒപ്പം ബാക്ടീരിയയെ ചെറുക്കാന്‍ കഴിവുള്ളതുകൊണ്ട് മുറിവ് ഉണങ്ങാന്‍ ഏറെ ഫലപ്രദവുമാണ്.

രക്തം ശുചീകരിക്കാനുള്ള കരളിന്റെ കാര്യക്ഷമത കൂട്ടാന്‍ മഞ്ഞളിന് കഴിവുണ്ട്. അതുപോലെ രക്തചംക്രമണം കൂട്ടാനും മഞ്ഞള്‍ സഹായിക്കുന്നു. ശരീരത്തില്‍ നിന്നു വിഷാംശങ്ങള്‍ പുറന്തള്ളാന്‍ കരളിനെ മഞ്ഞള്‍ ഇത്തരത്തില്‍ സഹായിക്കുന്നു.