Home അന്തർദ്ദേശീയം മാലിന്യം നിക്ഷേപിച്ചാല്‍ അത് തിരിച്ച് വീട്ടുപടിക്കലെത്തും; വ്യത്യസ്തമായ നടപടിയുമായി വിനോദസഞ്ചാരകേന്ദ്രം

മാലിന്യം നിക്ഷേപിച്ചാല്‍ അത് തിരിച്ച് വീട്ടുപടിക്കലെത്തും; വ്യത്യസ്തമായ നടപടിയുമായി വിനോദസഞ്ചാരകേന്ദ്രം

നുഷ്യന്റെ കടന്ന് കയറ്റമുള്ള ഏതൊരു വിനോദസഞ്ചാരകേന്ദ്രവും നേരിടുന്ന പ്രശ്‌നമാണ്് അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങള്‍. വിനോദസഞ്ചാരകേന്ദങ്ങള്‍ വൃത്തികേടാക്കാതെ സൂക്ഷിക്കുക എന്നത് ഓരോ സഞ്ചാരിയുടേയും കടമയാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ വലിയ വിലകൊടുക്കേണ്ടിവരും എന്നാണ് ബാങ്കോക്കില്‍ നിന്ന് വരുന്ന ഒരു വാര്‍ത്ത.

സഞ്ചാരികള്‍ പരിസരം വൃത്തികേടാക്കിയാല്‍ ആ മാലിന്യം അവര്‍ക്ക് തന്നെ തിരികെ അയച്ചുകൊടുക്കുകയാണ് ഇവിടുത്തൈ ഒരു പ്രമുഖ ദേശീയോദ്യാനം. മനോഹരമായ പ്രകൃതിയും വന്യജീവികളേയും കൊണ്ട് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഖാവോ യി നാഷണല്‍ പാര്‍ക്കാണ് ഈ വ്യത്യസ്ത പ്രവൃത്തികൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

ലോകം മുഴുവന്‍ ലോക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ പ്രകൃതിയിലെ മനുഷ്യന്റെ ഇടപെടലുകള്‍ കുറഞ്ഞിരുന്നു. എന്നാല്‍ പലരാജ്യങ്ങളും ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സഞ്ചാരപ്രിയര്‍ യാത്രകള്‍ പുനരാരംഭിക്കാനും തുടങ്ങി.

യാത്രികര്‍ തുടര്‍ച്ചയായെത്തുമ്പോഴുണ്ടാവുന്ന മലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് ആരും പരീക്ഷിക്കാത്ത ‘മാലിന്യം തിരിച്ചയക്കല്‍’ പദ്ധതി ഖാവോ യി പാര്‍ക്ക് അധികൃതര്‍ ആവിഷ്‌കരിക്കുന്നത്. സഞ്ചാരികള്‍ വലിച്ചെറിയുന്ന മാലിന്യം ഉദ്യാനത്തിലെ മൃഗങ്ങളെ ദോഷകരമായി ബാധിക്കും എന്നതാണ് അവരെ ഇങ്ങനെയൊരു ആശയത്തിലേക്ക് നയിച്ചത്.

‘നിങ്ങളുടെ മാലിന്യം ഞങ്ങള്‍ നിങ്ങള്‍ക്ക് തന്നെ അയച്ചുതരും’ എന്നാണ് രാജ്യത്തിന്റെ പരിസ്ഥിതി മന്ത്രി വരാവത് ശില്‍പ ആര്‍ച്ച ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഉദ്യാനത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത് വന്‍തുക പിഴയും അഞ്ച് വര്‍ഷം വരെ തടവും ലഭിച്ചേക്കാവുന്ന കുറ്റമാണെന്നും അദ്ദേഹം കുറിക്കുന്നു.

2000 ചതുരശ്ര കിലോമീറ്ററാണ് പാര്‍ക്കിന്റെ വിസ്തൃതി. വന്യമൃഗങ്ങളും വെള്ളച്ചാട്ടവും നിറഞ്ഞ ഖാവോ യി തായ്ലന്‍ഡിലെ ഏറ്റവും പഴക്കമുള്ള ദേശീയോദ്യാനമാണ്.