ഇനി മുതല്‍ സര്‍ക്കാര്‍ സര്‍വീസിലെ എല്ലാ കരാര്‍ ജീവനക്കാര്‍ക്കും ആറ് മാസത്തെ പ്രസവാവധി ലഭിക്കും. മുഴുവന്‍ ശമ്പളത്തോടെയും 180 ദിവസം പ്രസവാവധി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഒരു വര്‍ഷത്തിലേറെ കരാര്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമായിരുന്നു നേരത്തെ പ്രസവാവധി അനുവദിച്ചിരുന്നത്. പുതിയ ആനുകൂല്യം എല്ലാ കരാര്‍ ജീവനക്കാര്‍ക്കും ലഭിക്കും.
2018 ഫെബ്രുവരി 27 മുതല്‍ മുന്‍കാര പ്രാബല്യത്തോടെയാണ് ഉത്തരവിറക്കിയിരിക്കുന്നത്. 180 ദിവസത്തിനു മുന്‍പ് കരാര്‍ കാലാവധി അവസാനിച്ചാല്‍ അതുവരെയായിരിക്കും അവധി. മെഡിക്കല്‍ ഓഫിസര്‍ നിശ്ചയിക്കുന്ന പ്രസവ തീയതിക്കു മൂന്നാഴ്ച മുന്‍പു മുതലാകും അവധി ലഭിക്കുക.
ഗര്‍ഭപാത്രം നീക്കാനുള്ള ശസ്ത്രക്രിയയ്ക്കായി കരാര്‍ ജീവനക്കാര്‍ക്കും കരാര്‍ കാലാവധി നോക്കാതെ 6 ആഴ്ച അവധി നല്‍കും. കരാര്‍ ജീവനക്കാര്‍ കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്.







