Home അറിവ് പാക്കറ്റ് പാലിൽ മായവും പോഷക ഘടകങ്ങളും അറിയാനുള്ള വഴി

പാക്കറ്റ് പാലിൽ മായവും പോഷക ഘടകങ്ങളും അറിയാനുള്ള വഴി

പാക്കറ്റ് പാലിലെ മായവും പോഷക ഘടകങ്ങളും പരിശോധിക്കാന്‍ വഴിയുണ്ട്. പാക്കറ്റ് പാൽ ആണെങ്കിൽ കവർ പൊട്ടിക്കാതെയും അല്ലാത്ത പാൽ ആണെങ്കിൽ 200 മില്ലി ലീറ്റർ സാംപിളുമായി ജില്ലാ ക്വാളിറ്റി കൺട്രോൾ ലാബിൽ പോയാല്‍ മതി. ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഓണക്കാല ഊർജിത പാൽ പരിശോധനാ ക്യാംപ് 20 വരെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

ഓണക്കാലത്ത് കൂടുതൽ പാൽ വിപണിയിൽ എത്തുന്നതിനാലാണ് പ്രത്യേക ക്യാംപ് സംഘടിപ്പിക്കുന്നത്. മറ്റു ദിവസങ്ങളിലും ആവശ്യക്കാർക്ക് സാം‍പിൾ പരിശോധിക്കാൻ ലാബിനെ സമീപിക്കാം. പാൽ പരിശോധന ക്യാംപ് ഡപ്യൂട്ടി ഡയറക്ടർ ഷീബ ഖമർ ഉദ്ഘാടനം ചെയ്തു. ജില്ലാ ക്വാളിറ്റി കൺട്രോൾ ഓഫിസർ ഒ.സജിനി, ക്ഷീര വികസന ഓഫിസർ റീബ തങ്കച്ചൻ, ഡയറി ഫാം ഇൻസ്പെക്ടർ ധന്യ എന്നിവർ പ്രസംഗിച്ചു.

പാൽ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും സാംപിൾ നൽകാം. പരിശോധന സൗജന്യമാണ്. പൊതുവായി നടത്തുന്ന പരിശോധനകളും പ്രത്യേകമായി ഏതെങ്കിലും ഘടകമുണ്ടോയെന്നറിയാനും സംവിധാനമുണ്ട്. പരിശോധനയിൽ മായമോ അപകടകരമായ വസ്തുക്കളോ കണ്ടെത്തിയാൽ വിവരം ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കും. പാൽ വിൽക്കുന്നവർക്ക് അതിന്റെ ഗുണമേന്മ തിരിച്ചറിയാനും പരിശോധന സഹായിക്കും. ആവശ്യമെങ്കിൽ ഗുണമേൻമ വർധിപ്പിക്കാനുള്ള മാർഗനിർദേശങ്ങളും ലഭിക്കും.