Home അറിവ് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ആപ്പ് പുറത്തിറക്കി ആപ്പിള്‍

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ആപ്പ് പുറത്തിറക്കി ആപ്പിള്‍

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താനായി ആപ്പ് പുറത്തിറക്കി ആപ്പിള്‍. ഐഒഎസിന് പുറത്ത് അപൂര്‍വ്വമായി മാത്രം ഇടപെടലുകള്‍ നടത്താറുള്ള ആപ്പിളിന്‍റെ ‘ട്രാക്കര്‍ ഡിക്റ്റക്ടര്‍ ആപ്പ്’ കഴിഞ്ഞ ദിവസം മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായി തുടങ്ങി.

ആപ്പിളിന്‍റെ ഐഫോണും ഐപാഡും അടക്കമുള്ള ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എയര്‍ ടാഗുകളുടെ സാന്നിധ്യം ഈ ആപ്പിലൂടെ തിരിച്ചറിയാന്‍ സാധിക്കും. അതായത് ആപ്പിള്‍ എയര്‍ ടാഗ് ഒരു ആന്‍ഡ്രോയ്ഡ് ഉപകരണത്തില്‍ ഘടിപ്പിച്ച് ഏതെങ്കിലും ആപ്പിള്‍ ഡിവൈസിലൂടെ ആന്‍ഡ്രോയ്ഡ് ഉപയോക്താവിനെ നിരീക്ഷിക്കാനുള്ള സാധ്യത തടയാനാണ് ഈ ആപ്പ്.

തങ്ങള്‍ പുറത്തിറക്കുന്ന ഉപകരണങ്ങള്‍ ആപ്പിള്‍ ഇക്കോസിസ്റ്റത്തിന് പുറത്ത് സ്വകാര്യത ലംഘനം നടത്താതിരിക്കാനുള്ള കരുതല്‍ എന്നൊക്കെ വിശേഷിപ്പിക്കാം. ഈ വര്‍ഷം ആദ്യമാണ് ആപ്പിള്‍ ആപ്പിള്‍ എയര്‍ടാഗ് പുറത്തിറക്കിയത്. ഇത് ഉപയോഗിച്ച് ആപ്പിള്‍ ഉപകരണങ്ങള്‍ നഷ്ടപ്പെടുന്നത് തടയാം എന്നതാണ് ആപ്പിള്‍ മുന്നോട്ട് വയ്ക്കുന്ന മേന്‍മ. ഒപ്പം ഏത് ഉപകരണത്തിലും ഇത് ഘടിപ്പിച്ച് ട്രാക്ക് ചെയ്യാം. ഉദാഹരണത്തിന് കാര്‍ കീ, പേഴ്സ് ഇങ്ങനെ ഏതിലും.

അതേ സമയം ഇത്തരത്തില്‍ അനധികൃതമായി ഒരു ആപ്പിള്‍ എയര്‍ടാഗ് കണ്ടാല്‍ ഉടന്‍ അതിന്‍റെ ബാറ്ററി അഴിച്ചുമാറ്റാന്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ നിര്‍ദേശം നല്‍കുന്നു. തുടര്‍ന്ന് പൊലീസ് അധികാരികളെ വിവരം അറിയിക്കാനും നിര്‍ദേശിക്കുന്നുണ്ട്.