Home അറിവ് ഹോണ്ട സിറ്റി ഹൈബ്രിഡ് മോഡൽ വിപണിയിൽ

ഹോണ്ട സിറ്റി ഹൈബ്രിഡ് മോഡൽ വിപണിയിൽ

ഇന്ത്യയിലെ ജനങ്ങൾക്ക് ഹോണ്ട ഉറപ്പുനൽകിയിരുന്ന സിറ്റിയുടെ ഹൈബ്രിഡ് മോഡൽ വിപണിയിൽ അവതരിപ്പിച്ചു. ന്യൂ സിറ്റി ഇ.എച്ച്.ഇ.വി എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന് 19.49 ലക്ഷം രൂപയാണ് ഡൽഹിയിലെ എക്സ്ഷോറൂം വില.

സിറ്റി ഉൾപ്പെടുന്ന ശ്രേണിയിൽ സ്ട്രോങ്ങ് ഹൈബ്രിഡ് ഇലക്ട്രിക് ടെക്നോളജിയുമായി എത്തുന്ന ആദ്യ വാഹനമെന്ന ഖ്യാതിയും ഹോണ്ടയുടെ ഈ പ്രീമിയം സെഡാൻ മോഡലിന് സ്വന്തമാണ്. വിദേശ നിരത്തുകളിൽ ഈ മോഡൽ മുമ്പുതന്നെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

അഞ്ചാം തലമുറ സിറ്റിക്ക് സമാനമായ രൂപത്തിൽ തന്നെയാണ് ഈ മോഡലും എത്തിയിരിക്കുന്നത്. പ്രധാനമായി മൈലേജിന് മുൻതൂക്കം നൽകിയാണ് ഹൈബ്രിഡ് പതിപ്പ് എത്തിയിരിക്കുന്നത്. മികച്ച സെൽഫ് ചാർജിങ്ങ്, ഡ്യുവൽ മോട്ടോർ സ്ട്രോങ്ങ് ഹൈബ്രിഡ് സിസ്റ്റം എന്നിവ ഈ വാഹനത്തിന്റെ പ്രകടനത്തെ മികച്ച രീതിയിൽ സ്വാധീനിക്കുന്നതിനൊപ്പം 26.5 കിലോമീറ്റർ എന്ന ഏറ്റവും ഉയർന്ന ഇന്ധനക്ഷമതയും കുറഞ്ഞ എമിഷനും ഉറപ്പാക്കുന്നുണ്ടെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.ഇ.വി. ഡ്രൈവ് മോഡ്, ഹൈബ്രിഡ് ഡ്രൈവ് മോഡ്, എൻജിൻ ഡ്രൈവ് മോഡ് തുടങ്ങി മൾട്ടി ഡ്രൈവ് മോഡുകളുമായി എത്തിയിട്ടുള്ളതും സിറ്റി ഹൈബ്രിഡിന്റെ പ്രത്യേകതകളിലൊന്നാണ്. ഇന്ധനക്ഷമതയ്ക്കൊപ്പം മികച്ച സുരക്ഷയും ഈ വാഹനത്തിൽ ഉറപ്പാക്കിയിട്ടുണ്ട്.

ആസിയാൻ എൻക്യാപ് ക്രാഷ് ടെസ്റ്റിലെ ഫൈവ് സ്റ്റാർ റേറ്റിങ്ങിന് തുല്യമായ അംഗീകാരം സ്വന്തമാക്കിയാണ് ഹോണ്ട, സിറ്റി ഹൈബ്രിഡിന്റെ സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്.സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തിലുണ്ട്. ഇതിനായി ഹൈ പെർഫോമെൻസ് മുൻ ക്യാമറയും വൈഡ് ആംഗിൾ ഫാർ റീച്ചിങ്ങ് ഡിറ്റക്ഷൻ സംവിധാനവുമുള്ള അഡ്വാൻസ്ഡ് ഇന്റലിജെന്റ് സേഫ്റ്റി സംവിധാനമായ ഹോണ്ട സെൻസിങ്ങും സിറ്റി ഹൈബ്രിഡിൽ നൽകിയിട്ടുണ്ട്.

ഇതിനൊപ്പം കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിങ്ങ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റോഡ് ഡിപ്പാച്ചർ മിറ്റിഗേഷൻ, ലെയ്ൻ കീപ്പിങ്ങ് അസിസ്റ്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

സിറ്റി ഇ.എച്ച്.ഇ.വിയിൽ നൽകിയിട്ടുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകൾക്കൊപ്പം 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ DOHC i-VTEC പെട്രോൾ എൻജിനാണ് പ്രവർത്തിക്കുന്നത്. പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും ചേർന്ന് 126 പി.എസ്. പവറും 253 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

മൂന്ന് ഡ്രൈവിങ്ങ് മോഡുകളിലേക്കും ഓട്ടോമാറ്റിക്കായി മാറുമെന്നതാണ് ഈ വാഹനത്തിന്റെ മറ്റൊരു സവിശേഷത. സാധാരണ ഇലക്ട്രിക് കാറുകളിൽ നൽകിയിട്ടുള്ള റീ ജനറേറ്റീവ് ബ്രേക്കിങ്ങ് സിസ്റ്റവും ഇതിലുണ്ട്.കണക്ടഡ് കാർ എക്സ്പീരിയൻസ് നൽകുന്നതിനായി 37 ഹോണ്ട കണക്ട് ഫീച്ചറുകളും പുതിയ സിറ്റിയിൽ ഒരുങ്ങിയിട്ടുണ്ട്. സ്മാർട്ട് വാച്ച്, അലക്സ തുടങ്ങിയ ഡിവൈസുകളുമായി കണക്ട് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയതാണ് അകത്തളത്തിൽ വരുത്തിയിട്ടുള്ള പുതുമ.

സോളിഡ് വിങ്ങ് ഫേസ്, ബ്ലൂ കളറിൽ നൽകിയിട്ടുള്ള മുന്നിലേയും പിന്നിലേയും ലോഗോ, ഫോഗ് ലാമ്പുകൾക്ക് ചുറ്റും നൽകിയിട്ടുള്ള ഗാർണിഷ്, ഡ്യുവൽ ടോൺ അലോയി വീലുകൾ തുടങ്ങിയവ ഡിസൈനിലും മാറ്റം നൽകുന്നു.