Home അറിവ് പൊലീസിന്റൈ എടാ, എടീ വിളികള്‍ കീഴ്‌പ്പെടുത്താനുള്ള കൊളോണിയല്‍ മുറയുടെ ശേഷിപ്പ്; ഹൈക്കോടതി

പൊലീസിന്റൈ എടാ, എടീ വിളികള്‍ കീഴ്‌പ്പെടുത്താനുള്ള കൊളോണിയല്‍ മുറയുടെ ശേഷിപ്പ്; ഹൈക്കോടതി

പൊലീസിന്റെ ‘എടാ’ ‘എടീ’ തുടങ്ങിയ വിളികള്‍ കീഴ്‌പ്പെടുത്താനുള്ള കൊളോണിയല്‍ മുറയുടെ ശേഷിപ്പാണെന്നു ഹൈക്കോടതി. പരിഷ്‌കൃതവും സംസ്‌കാരവുമുള്ള സേനയ്ക്ക് ഇത്തരം പദപ്രയോഗങ്ങള്‍ ചേര്‍ന്നതല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ചേര്‍പ്പ് എസ്‌ഐ തന്നോടും മകളോടും മോശമായി പെരുമാറിയെന്ന് ആരോപിച്ച് തൃശൂര്‍ ചേര്‍പ്പ് സ്വദേശി ജെഎസ് അനില്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.

പൊലീസ് ജനങ്ങളെ എടാ, എടീ എന്നടക്കം വിളിക്കുന്നത് ഭരണഘടനാപരമായ ധാര്‍മികതയ്ക്കും രാജ്യത്തിന്റെ മനഃസാക്ഷിക്കും വിരുദ്ധമാണ്. സ്വീകാര്യമായ പദങ്ങള്‍ ഉപയോഗിച്ച് ജനങ്ങളെ സംബോധന ചെയ്യാനും അല്ലാത്ത പദങ്ങള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശിക്കണമെന്നും പൊലീസ് മേധാവിക്കു ഹൈക്കോടതി നിര്‍ദേശം നല്‍കി.

എന്നാല്‍ ഹര്‍ജിക്കാരന്‍ ഉന്നയിച്ച പരാതിയുടെ മാത്രം അടിസ്ഥാനത്തില്‍ അല്ല ഇക്കാര്യം വ്യക്തമാക്കുന്നതെന്നും കോടതി പറഞ്ഞു. ജനങ്ങളോടു പൊലീസ് മാന്യമായി പെരുമാറണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി ഡിജിപി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചു.

പൗരന്‍മാര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. എന്നാല്‍ ഇതുസംബന്ധിച്ച പരാതികള്‍ പരിഗണിക്കുന്നതും പൊലീസ് തന്നെയായതില്‍ തെളിയിക്കാന്‍ ബുദ്ധിമുട്ടാണ്. എടാ എടീ വിളികള്‍ പൊലീസ് സാധാരണയായി ഉപയോഗിക്കുന്നുണ്ടെന്നും കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായും ഇതുണ്ടാകുന്നുണ്ടെന്നും കോടതി പറഞ്ഞു.

ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെത്തുടര്‍ന്ന്, 2018 നവംബറില്‍ സംസ്ഥാന പൊലീസ് മേധാവി പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ചു സര്‍ക്കുലര്‍ ഇറക്കിയിരുന്നെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.