Home അറിവ് തൊഴിലുറപ്പ് ജോലിക്കിടെ മരിക്കുന്നവര്‍ക്ക് മുക്കാല്‍ ലക്ഷം; പരിക്കേറ്റാല്‍ സൗജന്യ ചികിത്സ

തൊഴിലുറപ്പ് ജോലിക്കിടെ മരിക്കുന്നവര്‍ക്ക് മുക്കാല്‍ ലക്ഷം; പരിക്കേറ്റാല്‍ സൗജന്യ ചികിത്സ

തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികള്‍ മരിക്കുന്ന സാഹചര്യം ഉണ്ടായാല്‍ അവകാശികള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പ് വരുത്തുന്ന പദ്ധതിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഈ പദ്ധതി പ്രകാരം ജോലിക്കിടെ അപകടം സംഭവിച്ചുള്ള മരണം കൂടാതെ കുഴഞ്ഞ് വീണും ഹൃദയാഘാതം മൂലവും മരിച്ചാലും അവകാശികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കും.

75,000 രൂപ സഹായം അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കൂടാതെ തൊഴിലാളിക്ക് അപകടത്തില്‍ പരിക്കേറ്റാല്‍ സൗജന്യ ചികിത്സ ഉറപ്പാക്കേണ്ട ചുമതല ഗ്രാമപ്പഞ്ചായത്തിനുണ്ട്. മരണം നടന്ന് അഞ്ച് ദിവസത്തിനുള്ളില്‍ ഗ്രാമപ്പഞ്ചായത്ത് പണം അനുവദിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അപകടത്തില്‍ സ്ഥായിയായ അംഗവൈകല്യം സംഭവിച്ചാലും ഈ തുകയ്ക്ക് അര്‍ഹതയുണ്ട്. തൊഴിലാളിക്കൊപ്പം തൊഴില്‍സ്ഥലത്തെത്തുന്ന കുട്ടികള്‍ക്ക് മരണമോ സ്ഥിരമായ അംഗവൈല്യമോ ഉണ്ടായാല്‍ രക്ഷാകര്‍ത്താവിന് 37,500 രൂപ ലഭിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. മൃഗങ്ങള്‍, പാമ്പ്, കടന്നല്‍, തേനീച്ച തുടങ്ങിയവയുടെ ആക്രമണത്തിലൂടെയുള്ള പരിക്കിനും അവശതയ്ക്കും ചികിത്സ ലഭിക്കും. ആം ആദ്മീ ബീമായോജന പ്രകാരമുള്ള എക്‌സ്ഗ്രേഷ്യയാണ് സഹായധനമായി നല്‍കുന്നത്.

തൊഴിലാളിക്കോ കുട്ടിക്കോ അപടമുണ്ടായാല്‍ അടുത്ത സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കണം. തൊട്ടടുത്ത് സര്‍ക്കാര്‍ ആശുപത്രിയില്ലെങ്കില്‍ സ്വകാര്യ ആശുപത്രിയിലെത്തിക്കാം. ആശുപത്രിച്ചെലവും വാഹനച്ചെലവും അനുവദിക്കും. ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള അടിയന്തര ചികിത്സയ്ക്ക് മെഡിക്കല്‍ കോളജില്‍ എത്തിക്കണം. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ ഇക്കാര്യം അറിയിക്കണം. ഫിസിയോ തെറാപ്പിക്കും ആയുര്‍വേദ ചികിത്സയ്ക്കും മെഡിക്കല്‍ ഓഫീസറുടെ ശുപാര്‍ശ ആവശ്യമാണ്. തുടര്‍ചികിത്സയ്ക്കും അനുബന്ധ ചെലവുകള്‍ക്കും തുക അനുവദിക്കേണ്ടത് പഞ്ചായത്ത് സെക്രട്ടറിമാരാണ്.