Home അറിവ് ലോണ്‍ എടുത്തവര്‍ക്ക് ആശ്വാസവാര്‍ത്ത; വായ്പകള്‍ പുനസംഘടിപ്പിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി

ലോണ്‍ എടുത്തവര്‍ക്ക് ആശ്വാസവാര്‍ത്ത; വായ്പകള്‍ പുനസംഘടിപ്പിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രാജ്യം വീണ്ടും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യം മറികടക്കാന്‍ വീണ്ടും വായ്പകള്‍ പുനഃസംഘടിപ്പിക്കാന്‍ അനുവദിച്ച് റിസര്‍വ് ബാങ്ക്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും 25 കോടി വരെയുള്ള വായ്പകള്‍ പുനഃക്രമീകരിക്കാനാണ് റിസര്‍വ് ബാങ്ക് അനുവദിച്ചത്.

കോവിഡിന്റെ ആദ്യ സമയത്ത് പ്രഖ്യാപിച്ച ഒന്നാം ഘട്ട വായ്പ പുനഃ സംഘടന സൗകര്യം പ്രയോജനപ്പെടുത്താത്തവര്‍ക്കാണ് പുതിയ പദ്ധതി. കോവിഡിന്റെ ആദ്യ തരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയ സമയത്ത് കേന്ദ്രസര്‍ക്കാര്‍ അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നു. ഈസമയത്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ പുനഃ സംഘടന പദ്ധതി അനുവദിച്ചിരുന്നു.

ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ വായ്പ പുനഃ സംഘടന പദ്ധതിയാണ് റിസര്‍വ് ബാങ്ക് ഇന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷം വായ്പകള്‍ പുനഃക്രമീകരിക്കാത്ത ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമാണ് റിസര്‍വ് ബാങ്ക് പുതിയ പദ്ധതി അനുവദിച്ചത്. മാര്‍ച്ച് വരെ സ്റ്റാന്‍ഡേര്‍ഡ് അക്കൗണ്ടുകളായി കണക്കാക്കിയിരുന്ന വായ്പകള്‍ക്കാണ് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുകയെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

സെപ്റ്റംബര്‍ 30 വരെയാണ് ഇതിന് പ്രാബല്യം. അപേക്ഷിച്ച് 90 ദിവസത്തിനകം ഇത് നടപ്പാക്കണം. ഇത് ഒറ്റത്തവണ പദ്ധതിയാണ്. ആദ്യത്തെ വായ്പ പുനഃ സംഘടന പദ്ധതി പ്രയോജനപ്പെടുത്തിയവര്‍ക്കും റിസര്‍വ് ബാങ്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. വായ്പ പദ്ധതി പുതുക്കാനും മൊറട്ടോറിയം കാലാവധി നീട്ടാനും ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കി.

ഒന്നാം കോവിഡ് തരംഗത്തില്‍ നിന്ന് തിരിച്ചുകയറിയ സമ്പദ് വ്യവസ്ഥ വീണ്ടും വെല്ലുവിളികള്‍ നേരിടുന്നതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. സമ്പദ്വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വായ്പ പുനഃസംഘടന സൗകര്യം പ്രയോജനപ്പെടുത്താത്ത ചെറുകിട കച്ചവടക്കാര്‍ക്കും, വ്യക്തികള്‍ക്കും 25 കോടി രൂപ വരെ വായ്പ അനുവദിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കെവൈസി വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കും. വീഡിയോ അടിസ്ഥാനമാക്കിയുള്ള കൈവൈസി നടപടികള്‍ സ്വീകരിക്കും. ബാങ്കുകളില്‍ ഇടപാടുകാര്‍ നേരിട്ട് പോകുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.