Home വിദ്യഭ്യാസം ഡിജിറ്റല്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളുടെ കണക്കെടുക്കും; പത്ത് ദിവസത്തിനകം സൗകര്യമൊരുക്കാന്‍ നിര്‍ദേശം

ഡിജിറ്റല്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളുടെ കണക്കെടുക്കും; പത്ത് ദിവസത്തിനകം സൗകര്യമൊരുക്കാന്‍ നിര്‍ദേശം

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം സംസ്ഥാനത്ത് ഈ വര്‍ഷവും സ്‌കൂളുകള്‍ വിര്‍ച്വല്‍ ആയിട്ടാണ് തുറന്നത്. അതുകൊണ്ട്, ഇനിയും ഡിജിറ്റല്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ കണക്ക് തയാറാക്കാന്‍ നിര്‍ദേശിച്ച് വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി. ഇന്ന് സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇത് സംബന്ധിച്ച് കണക്കുകള്‍ ശേഖരിക്കും.

ഡിജിറ്റല്‍ പഠനത്തിന് സൗകര്യമില്ലെന്ന് കണ്ടെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ മാസം 13നകം എല്ലാ സൗകര്യവും ഒരുക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനത്തിന് സൗകര്യമുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം.

സ്‌കൂള്‍ തലം, ഉപജില്ല, ജില്ലാതലം എന്നിങ്ങനെ തിരിച്ചാണ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത്. ഇതിനായി എല്ലാ ജില്ലകളിലും ഏകോപന സമിതികള്‍ രൂപീകരിക്കും. ദിവസേനയെന്നോണം പ്രവര്‍ത്തനം നടത്തണമെന്നും ഓരോ ദിവസവും റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്.

സ്‌പോണ്‍സര്‍ ചെയ്യാന്‍ സന്നദ്ധരായ വ്യക്തികള്‍, എല്ലാതലത്തിലുമുള്ള ജനപ്രതിനിധികള്‍, മറ്റു സാമൂഹ്യസംഘടനകള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ഡിജിഇ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.