Home ആരോഗ്യം അഞ്ചാം ദിനം മുതല്‍ ലക്ഷണങ്ങള്‍; രക്തം കട്ടപിടിക്കും; ചിലര്‍ക്ക് ഹൃദയാഘാതം വരെ സംഭവിക്കാം

അഞ്ചാം ദിനം മുതല്‍ ലക്ഷണങ്ങള്‍; രക്തം കട്ടപിടിക്കും; ചിലര്‍ക്ക് ഹൃദയാഘാതം വരെ സംഭവിക്കാം

കോവിഡ് 19 വൈറസ് രാജ്യത്തെ പിടിമുറുക്കിയിരിക്കുകയാണ്. വൈറസ് മനുഷ്യന്റെ ശരീരത്തില്‍ പിടിമുറുക്കിയതിന് ശേഷം വളരെ വ്യത്യസ്തമായ ആരോഗ്യപ്രശ്‌നങ്ങളാണ് ലോകത്താകമാനമുള്ള ജനങ്ങളെ ബാധിക്കുന്നത്. ഇതില്‍ അടുത്തിടെയായി അധികമായി കണ്ടുവരുന്ന ഒന്നാണ് രക്തം കട്ടപിടിക്കുക അഥവാ ത്രോംബോസിസ് എന്ന അവസ്ഥ. കോവിഡ് അണുബാധ ശരാശരിയോ ഗുരുതരമോ ആയ രോഗികളുടെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ കാണുന്നതായി വിദഗ്ധര്‍ പറയുന്നു.

കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ ഇത് ഹൃദയാഘാതം അടക്കമുള്ള ഗുരുതരാവസ്ഥയ്ക്ക് കാരണമാകും. ഡല്‍ഹിയിലെ ശ്രി ഗംഗാ റാം ആശുപത്രിയിലെ ഡോ. അമ്പരീഷ് സാത്വിക് കഴിഞ്ഞദിവസം ട്വിറ്ററില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു കോവിഡ് രോഗിയുടെ ശരീരത്തില്‍ നിന്ന് പുറത്തെടുത്ത രക്തക്കട്ടയുടെ ചിത്രമായിരുന്നു ഇത്. ‘ കോവിഡ് ക്ലോട്ടുകള്‍ ഇങ്ങനെയാണ് കാണപ്പെടുന്നത്. കോവിഡ് രക്തംകട്ടപിടിക്കാന്‍ കാരണമാകുന്നു.

ഹൃദയാഘാതം, സ്ട്രോക്ക്, കൈയോ കാലോ തളര്‍ന്നുപോകുക തുടങ്ങിയ അവസ്ഥകള്‍ രണ്ട് മുതല്‍ അഞ്ച് ശതമാനം വരെ സംഭവിക്കാറുണ്ട്. ഈ ബ്ലഡ് ക്ലോട്ട് ഞങ്ങള്‍ ഒരു കോവിഡ് രോഗിയുടെ ശരീരത്തില്‍ നിന്ന് പുറത്തെടുത്തതാണ്. അയാളെ രക്ഷപെടുത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു’, ചിത്രത്തോടൊപ്പം ഡോക്ടര്‍ കുറിച്ചതിങ്ങനെ.

രോഗപ്രതിരോധത്തിന്റെ ഭാഗമായി പുറത്തുവരുന്ന ‘സൈറ്റോകൈന്‍’ എന്ന പ്രോട്ടീന്‍ ആണ് രക്തം കട്ട പിടിക്കുന്നതിന് കാരണമാകുന്നത്. കോവിഡ് രോഗിയില്‍ ആദ്യ അഞ്ച് മുതല്‍ ഏഴ് ദിവസം വരെ വൈറസുകള്‍ പെരുകുന്ന സാഹചര്യമാണുണ്ടാകുന്നത്. അതിന് ശേഷം ശരീരം അഥവ പ്രതിരോധ വ്യവസ്ഥ രോഗകാരിയെ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കാന്‍ തുടങ്ങുന്നു.

ഈ ഘട്ടത്തിലാണ് ‘സൈറ്റോകൈന്‍’ പുറത്തുവരുന്നത്. ഇത് ചില രോഗികളില്‍ രക്തം കട്ട പിടിക്കുന്ന സാഹചര്യമുണ്ടാക്കുന്നു. ഇത്തരം സമയങ്ങളിലാണ് പ്രധാനമായും കോവിഡ് രോഗിയില്‍ ഹൃദയാഘാത സാധ്യതയുണ്ടാകുന്നത്. ഇങ്ങനെയുള്ള നിരവധി കേസുകള്‍ ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു.

പ്രായമായവരില്‍ മാത്രമല്ല മറിച്ച് മുപ്പത് മുതല്‍ 92 വയസ്സ് വരെയുള്ളവരില്‍ ഈ അവസ്ഥ കാണുന്നുണ്ട്. ആദ്യഘട്ടത്തില്‍ തന്നെ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും രണ്ടാം തരംഗത്തില്‍ സമാനമായ കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.