Home അറിവ് ഇപിഎഫ് വരിക്കാരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉയര്‍ത്തി; ഏഴ് ലക്ഷം രൂപ വര്‍ധിപ്പിച്ചു

ഇപിഎഫ് വരിക്കാരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉയര്‍ത്തി; ഏഴ് ലക്ഷം രൂപ വര്‍ധിപ്പിച്ചു

കോവിഡ് 19 രണ്ടാം തരംഗം കൂടി എത്തിയപ്പോള്‍ ഇന്ത്യന്‍ ജനസംഖ്യയുടെ പകുതിപ്പേരും വലിയ സാമ്പത്തിക പ്രശ്‌നമാണ് നേരിടുന്നത്. ഈ ദുരിതപൂര്‍ണമായ പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്ക് ആശ്വാസവുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഇപിഎഫ് വരിക്കാരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉയര്‍ത്തികൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നു. പരമാവധി ഏഴു ലക്ഷം രൂപയായാണ് ഇന്‍ഷുറന്‍സ് കവര്‍ വര്‍ധിപ്പിച്ചത്. ജീവനക്കാരുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയത്. ഇതാണ് രണ്ടാം കോവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ത്തിയത്.

ഇപിഎഫ് വരിക്കാര്‍ സ്വാഭാവികമായോ, അസുഖം മൂലമോ, അപകടം മൂലമോ മരിക്കുകയാണെങ്കില്‍ നോമിനിക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കുന്ന തരത്തിലാണ് പദ്ധതി. ഇപിഎഫ്ഒയുടെ പുതിയ തീരുമാനം പ്രകാരം പരമാവധി ഏഴുലക്ഷം രൂപ വരെ ലഭിക്കും. തൊഴിലുടമയ്ക്ക് അധിക ബാധ്യത വരാതെയാണ് ഇത് നടപ്പാക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

കുറഞ്ഞത് 2.5 ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് തുകയായി ലഭിക്കും. നേരത്തെ ഇത് രണ്ടുലക്ഷമായിരുന്നു. പരമാവധി ആറുലക്ഷമായിരുന്നതാണ് ഏഴുലക്ഷമായി ഉയര്‍ത്തിയത്. വിരമിക്കുന്നതിന് തൊട്ടുമുന്‍പുള്ള 12 മാസ കാലയളവില്‍ വാങ്ങിയ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഷുറന്‍സ് തുക നിര്‍ണയിക്കുക. ശരാശരി ശമ്പളത്തിന്റെ 30 മടങ്ങാണ് മരിക്കുന്ന സമയത്ത് ആശ്രിതര്‍ക്ക് ലഭിക്കുക. ഇതിലേക്ക് ജീവനക്കാരന്‍ വരിസംഖ്യ അടയ്ക്കേണ്ടതില്ല.