Home ആരോഗ്യം ഡെങ്കിപ്പനി വന്നവര്‍ക്ക് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയും: പുതിയ കണ്ടെത്തല്‍

ഡെങ്കിപ്പനി വന്നവര്‍ക്ക് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയും: പുതിയ കണ്ടെത്തല്‍

ഡെങ്കിപ്പനി വന്ന് മാറിയവര്‍ക്ക് കോവിഡ്-19 നെതിരെ പ്രതിരോധ ശേഷിയുണ്ടാകുമെന്ന് പഠനം. ബ്രസീലിലെ ഒരു കൂട്ടം ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. മിഗുയെല്‍ നികോളെലിസിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് കൊതുകുവഴി പകരുന്ന ഡെങ്കിപ്പനിക്കും സമ്പര്‍ക്കം വഴി പകരുന്ന കോവിഡ് ബാധയ്ക്കും പരസ്പരമുള്ള ബന്ധം കണ്ടെത്തിയത്.

ബ്രസീലില്‍ 2019ല്‍ ഡെങ്കിപനി വ്യാപിച്ച പ്രദേശങ്ങളും 2020ല്‍ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളും തമ്മില്‍ നടത്തിയ താരതമ്യപഠനത്തിലൂടെയാണ് ഇവര്‍ നിഗമനത്തിലെത്തിയത്. 2019ല്‍ ഡെങ്കിപ്പനി ബാധ വ്യാപകമായി പടര്‍ന്ന മേഖലകളില്‍ കോവിഡ് വ്യാപനം കുറഞ്ഞിരിക്കുന്നതും രോഗവ്യാപനത്തിന്റെ തോത് മറ്റുസ്ഥലങ്ങളെ അപേക്ഷിച്ച് വളരെ കുറവായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു.

ഇതിനര്‍ഥം ഡെങ്കി ബാധിച്ച് ഭേദമായവരില്‍ കാണപ്പെടുന്ന ആന്റിബോഡി കോവിഡിന് കാരണമാകുന്ന കൊറോണ വൈറസിനെതിരെ പ്രതിരോധം തീര്‍ക്കുന്നുണ്ടാകാമെന്നാണ് ഗവേഷകര്‍ പറഞ്ഞു. നിഗമനം ശരിയെന്ന് തെളിയുകയാണെങ്കില്‍ ഡെങ്കുവിനെതിരായ പ്രിതിരോധ വാക്‌സിന്‍ നല്‍കുന്നതിലൂടെ കോവിഡിനെ പ്രതിരോധിക്കാന്‍ സാധിച്ചേക്കുമെന്ന് പ്രൊഫ. മിഗുയെല്‍ നികോളെലിസ് വിശദീകരിക്കുന്നു.

കൊറോണ വൈറസും ഡെങ്കു വൈറസും രണ്ട് വ്യത്യസ്ത വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. അതിനാല്‍ ഇവ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താന്‍ കൂടുതല്‍ പഠനങ്ങളുടെ ആവശ്യമുണ്ടെന്ന് ഇദ്ദേഹം പറയുന്നു.

2019ല്‍ ബ്രസീലിലെ പരാന, സാന്താ കാതറീന, റിയോ ഗ്രാന്‌ഡെ ഡൊ സോള്‍, മിനാസ് ഗെരെയ്‌സ് എന്നീ സ്ഥലങ്ങളില്‍ ഡെങ്കുബാധ തീവ്രമായിരുന്നു. ഇവിടെ കോവിഡ് വ്യാപനം വളരെ പതുക്കെ ആയിരുന്നു. ഇതേപോലെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും പസഫിക്കിലെ ദ്വീപ് രാജ്യങ്ങളിലും ഏഷ്യയിലും ഡെങ്കു ബാധ വ്യാപകമായിരുന്നിടത്ത് കോവിഡ് വ്യാപനം വളരെ കുറവായിരുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തി. അതേസമയം ഗവേഷണ ഫലം ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.