Home Uncategorized പിച്ചവെച്ച് തുടങ്ങേണ്ട സമയത്ത് വാട്ടര്‍ സ്‌കീയിങ്ങില്‍ റെക്കോര്‍ഡ്: വീഡിയോ വൈറല്‍, ഒപ്പം പ്രതിഷേധവും

പിച്ചവെച്ച് തുടങ്ങേണ്ട സമയത്ത് വാട്ടര്‍ സ്‌കീയിങ്ങില്‍ റെക്കോര്‍ഡ്: വീഡിയോ വൈറല്‍, ഒപ്പം പ്രതിഷേധവും

പിച്ചവച്ചു നടക്കാന്‍ തുടങ്ങേണ്ട പ്രായത്തില്‍ വാട്ടര്‍ സ്‌കീയിങ്ങില്‍ റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ഒരു കുഞ്ഞു മിടുക്കന്‍. റിച്ച് ഹംഫെറിസ് എന്നാണ് വാട്ടര്‍ സ്‌കീയിങ്ങില്‍ മിടുക്ക് തെളിയിച്ച് സൈബര്‍ ലോകത്തെ ഞെട്ടിച്ച ഈ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ പേര്. യുഎസ് സ്വദേശിയാണ്.

ഏറെ അപകടം നിറഞ്ഞ വാട്ടര്‍ സ്‌കീയിങ്ങ് എന്ന സാഹസിക വിനോദത്തിലാണ് ഈ കുരുന്ന് റെക്കോര്‍ഡ് നേടിയത്. അമേരിക്കയിലെ പവല്‍ തടാകത്തിലാണ് കുരുന്ന് വാട്ടര്‍ സ്‌കീയിങ്ങ് നടത്തിയത്.

റിച്ചിന്റെ മാതാപിതാക്കളായ കേസിയും മിന്‍ഡിയുമാണ് മകന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. വാട്ടര്‍ സ്‌കീയിങ്ങ് നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ലോക റെക്കോര്‍ഡ് നേടാനായെങ്കിലും മാതാപിതാക്കള്‍ക്കെതിരെ രോഷപ്രകടനമാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്.

തിരിച്ചറിവാകാത്ത പ്രായത്തിലുള്ള കുഞ്ഞിനെ ഇത്രയും വലിയ സാഹസത്തിന്റെ ഭാഗമാക്കിയതിലാണ് ആളുകള്‍ രോഷ പ്രകടനം നടത്തിയത്. കൈകാലുകള്‍ ഉറയ്ക്കാത്ത പ്രായമായതിനാല്‍ സ്‌കീയിങ്ങ് ബോര്‍ഡിനോട് ചേര്‍ത്ത് കാലുകള്‍ ബന്ധിച്ച നിലയില്‍ കുഞ്ഞിനെ ഏറെനേരം നിര്‍ത്തുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിക്കുമെന്നും പലരും അഭിപ്രായപ്പെട്ടു.