Home Uncategorized സ്ത്രീകള്‍ വീടിനുള്ളില്‍ കഷ്ടപ്പെടുന്നുണ്ടോ? കോവിഡ് 19 ഏറ്റവുമധികം ബാധിച്ചത് സ്ത്രീകളെയെന്ന് യുഎന്‍

സ്ത്രീകള്‍ വീടിനുള്ളില്‍ കഷ്ടപ്പെടുന്നുണ്ടോ? കോവിഡ് 19 ഏറ്റവുമധികം ബാധിച്ചത് സ്ത്രീകളെയെന്ന് യുഎന്‍

കോവിഡ് 19 എന്ന വിനാശകാരി വൈറസ് ലോകത്തെ ഒട്ടുമിക്കവരുടെ ജീവിതത്തിലും നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. ഈ കാലഘട്ടം എല്ലാവര്‍ക്കും ഒരുപോലെ ദുരിതപൂര്‍ണ്ണമാണെങ്കിലും സ്ത്രീകളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത് എന്നാണ് ഒരു പുതിയ സര്‍വ്വേ പറയുന്നത്. സ്ത്രീകള്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ അവസരങ്ങള്‍ ഇല്ലാതാകുന്നുവെന്നും വര്‍ഷങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത ലിംഗസമത്വം ഈ ഒറ്റ വര്‍ഷത്തില്‍ നഷ്ടമാകാമെന്നും ഡാറ്റ സൂചിപ്പിക്കുന്നു.

ഈ മഹാമാരി സമയത്ത് സ്ത്രീകള്‍ കൂടുതല്‍ വീട്ടുജോലികളും, കുടുംബപരിപാലനവും ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. ഇത് ശമ്പളമുള്ള ജോലികള്‍ ചെയ്യാന്‍ സ്ത്രീകള്‍ക്ക് തടസമുണ്ടാക്കുകയാണ്. 25 വര്‍ഷമെടുത്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ലിംഗസമത്വമെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ പൊയ്പ്പോകുമെന്നാണ് യുഎന്‍ വക്താവിന്റെ വിലയിരുത്തല്‍.

ഇത് കൂടാതെ, സ്ത്രീകളുടെ ശാരീരികവും, മാനസികവുമായ ആരോഗ്യത്തെയും ഈ മഹാമാരി പ്രതികൂലമായി ബാധിക്കുന്നുവെന്നും ഡാറ്റ പറയുന്നു. മഹാമാരിയ്ക്ക് മുന്‍പ് പുരുഷന്മാര്‍ ചെയ്തിരുന്ന വീട്ടുജോലിയുടെ മൂന്നിരട്ടി വീട്ടുജോലിയാണ് സ്ത്രീകള്‍ ഇപ്പോള്‍ ചെയ്യുന്നത്. യുഎന്‍ നടത്തിയ 38 സര്‍വേകളുടെ ഫലമാണ് ഈ കണ്ടെത്തലുകള്‍. പ്രധാനമായും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളെ കേന്ദ്രീകരിച്ചായിരുന്നു സര്‍വ്വേ. അതേസമയം വ്യാവസായിക രാജ്യങ്ങളില്‍ നിന്നുള്ള ഡാറ്റയും സമാനമായ ചിത്രം കാണിക്കുന്നു.

സെപ്തംബര്‍ മാസത്തില്‍ മാത്രം, യുഎസില്‍, ജോലിയില്‍ നിന്ന് പുറത്തുപോയ പുരുഷന്മാരുടെ എണ്ണം 200,000 ആയിരുന്നെങ്കില്‍, സ്ത്രീകളുടെ എണ്ണം 865,000 ആയിരുന്നു. അതില്‍ ഭൂരിഭാഗവും കുടുംബം നോക്കാനായിരുന്നു ജോലി ഉപേക്ഷിച്ചത്. മക്കളെ ഏല്‍പ്പിച്ച് പോരാന്‍ ആരുമില്ലാത്ത അവസ്ഥയായിരുന്നു അവരില്‍ മിക്കവര്‍ക്കും. ഇങ്ങനെ ജോലി നഷ്ടമാകുന്നത്, സ്ത്രീകളുടെ ക്ഷേമത്തിന് മാത്രമല്ല, സാമ്പത്തികപുരോഗതിക്കും, സ്വാതന്ത്ര്യത്തിനും ദോഷകരമാകുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു.