Home Uncategorized ലൈംഗിക തൊഴിലാളികള്‍ക്ക് ധനസഹായം; മാസം തോറും 5000രൂപ പ്രഖ്യാപിച്ച് സര്‍ക്കാര്‍

ലൈംഗിക തൊഴിലാളികള്‍ക്ക് ധനസഹായം; മാസം തോറും 5000രൂപ പ്രഖ്യാപിച്ച് സര്‍ക്കാര്‍

ലൈംഗിക തൊഴിലാളികള്‍ക്ക് താത്കാലിക ധനസഹായമായി മാസം തോറും അയ്യായിരം രൂപ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലേക്ക് ധനസഹായം അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ വ്യാഴാഴ്ച ഉത്തരവ് പുറത്തിറക്കി. ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര.

ഇതോടെ ആയിരക്കണക്കിന് ലൈംഗികത്തൊഴിലാളികള്‍ക്കാണ് ധനസഹായം ലഭിക്കുക. ഈ പദ്ധതിയ്ക്കായി 50 കോടി രൂപ നീക്കിവെച്ചതായി വനിതാ-ശിശു വികസന മന്ത്രി യശോമതി ഠാക്കുര്‍ വ്യക്തമാക്കി. കൂടാതെ സ്‌കൂളില്‍ പോകുന്ന കുട്ടികളുള്ളവര്‍ക്ക് അധിക ധനസഹായവും അനുവദിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ലൈംഗികത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കിയതായും ജീവിതവൃത്തിക്കായുള്ള അവകാശം ലൈംഗികത്തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയതാണെന്നും മന്ത്രി അറിയിച്ചു.

സ്‌കൂളില്‍ പോകുന്ന കുട്ടികളുള്ള അമ്മമാര്‍ക്ക് 2,500 രൂപ അധികസഹായം നല്‍കും. സംസ്ഥാനത്തൊട്ടാകെ 31,000 ത്തോളം ലൈംഗികത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കും. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ പദ്ധതി പ്രഖ്യാപനം.