Home അറിവ് കോവിഡ് ബാധിച്ചവരുടെ ശ്രദ്ധയ്ക്ക്; മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കുമെന്ന് പഠനറിപ്പോര്‍ട്ട്

കോവിഡ് ബാധിച്ചവരുടെ ശ്രദ്ധയ്ക്ക്; മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കുമെന്ന് പഠനറിപ്പോര്‍ട്ട്

കോവിഡ് ബാധിച്ചവരില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിച്ചേക്കാമെന്ന് തെളിയിക്കുന്ന പഠനഫലം പുറത്ത്. ബിഎംജെ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. 1,53,848 കോവിഡ് രോഗികളുടെ ഡാറ്റയാണ് പഠനത്തിനായി ഉപയോഗിച്ചത്. സാമൂഹികമായ ഒറ്റപ്പെടല്‍, സാമ്പത്തിക പ്രശ്നങ്ങള്‍, പ്രിയപ്പെട്ടവരുടെ വേര്‍പാട്, മറ്റ് നിരവധി പ്രശ്നങ്ങള്‍ കോവിഡ് കാലത്ത് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നുണ്ട്.

ഉത്കണ്ഠയും വിഷാദവുമാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് പഠനങ്ങളില്‍ പറയുന്നു. രോഗം മാറി ഒരു വര്‍ഷത്തിന് ശേഷം രോഗം ബാധിച്ച കാലത്തെ അവരുടെ അനുഭവങ്ങളും രോഗം ബാധിക്കാത്തവരുടെ ഈ കാലയളവിലെ അനുഭവങ്ങളും പഠനത്തിന്റെ ഭാഗമായി ശേഖരിച്ചു.

കോവിഡ് ബാധിക്കുന്നതിന് രണ്ടു വര്‍ഷം മുന്‍പ് വരെ മാനസിക പ്രശ്നങ്ങളുടെ ലക്ഷണങ്ങള്‍ ഇല്ലാത്തവരെയും, മാനസിക രോഗത്തിന് ചികിത്സ സ്വീകരിക്കാത്തവരെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. കൊറോണ വൈറസ് ബാധയ്ക്ക് ശേഷമുള്ള സൈക്യാട്രിക് രോഗനിര്‍ണം, ചികിത്സ എന്നീ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇതുവഴി ഗവേഷകര്‍ക്ക് സാധിച്ചു.

കോവിഡ് ബാധിച്ച 39 ശതമാനം പേരില്‍ വിഷാദവും 35 ശതമാനം പേരില്‍ ഉത്കണ്ഠയും ബാധിച്ചിട്ടുളളതായി കണ്ടെത്തി. ഇത് കോവിഡ് ബാധിക്കാത്തവരെ അപേക്ഷിച്ച് കോവിഡ് ബാധിച്ചവരില്‍ മാസങ്ങളോളം നീണ്ടുനിന്നുവെന്നും പഠനത്തില്‍ പറയുന്നു. കോവിഡ് ബാധിച്ചവരില്‍ 38 ശതമാനം പേരില്‍ സ്ട്രെസ്സും അഡ്ജസ്റ്റ്മെന്റ് ഡിസോഡറുകളും തിരിച്ചറിയാനായി. കോവിഡ് ബാധിച്ച 41 ശതമാനം പേരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഉറക്കപ്രശ്നങ്ങള്‍ കണ്ടെത്തി.

ഇതെല്ലാം തെളിയിക്കുന്നത് കോവിഡ് ബാധയുണ്ടായി മാസങ്ങള്‍ കഴിഞ്ഞിട്ടും മാനസിക ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുന്നു എന്നാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഓക്സ്ഫഡ് സര്‍വകലാശാലയിലെ സൈക്യാട്രി വിഭാഗം പ്രൊഫസര്‍ പോള്‍ ഹാരിസണ്‍ പറഞ്ഞു. കോവിഡ് പൊതുവായ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് സാധാരണക്കാരെ തള്ളിവിട്ടുവെന്ന ചിന്ത ശക്തമാക്കുന്നതാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് ബാധിക്കാത്തവരെ അപേക്ഷിച്ച്, കോവിഡ് ബാധിച്ചവരിലെ 55 ശതമാനം പേര്‍ രോഗബാധയ്ക്ക് ശേഷം ഡോക്ടര്‍ നിര്‍ദേശിച്ച ആന്റിഡിപ്രസന്റുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്നും, 65 ശതമാനത്തോളം പേര്‍ ഡോക്ടര്‍ നിര്‍ദേശിച്ച ഉത്കണ്ഠാ വിരുദ്ധ ഔഷധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്നും പഠനത്തില്‍ കണ്ടെത്തി.

18 ശതമാനത്തിലേറെ കോവിഡ് രോഗികള്‍ പിന്നീടുള്ള വര്‍ഷം രോഗനിര്‍ണയം നടത്തി ഡോക്ടറുടെ നിര്‍ദേശപ്രകാരം ന്യൂറോ സൈക്യാട്രിക് പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടി. എന്നാല്‍ കോവിഡ് ബാധിക്കാത്തവരില്‍ ഇത്തരക്കാരുടെ എണ്ണം 12 ശതമാനത്തില്‍ താഴെയാണ്. കോവിഡ് ബാധിക്കാത്തവരെ അപേക്ഷിച്ച് കോവിഡ് ബാധിച്ചവരിലെ 60 ശതമാനം പേരും ഇത്തരം മാനസികാരോഗ്യ പ്രശ്നങ്ങളില്‍ വീണുപോയവരാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഗുരുതരമായി കോവിഡ് ബാധിച്ചവരില്‍ മറ്റുള്ളവരേക്കാള്‍ കൂടുതലായി മാനസിക പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കോവിഡ് ചെറിയ രീതിയില്‍ ബാധിച്ചവരിലും രോഗം ബാധിക്കാത്തവരേക്കാള്‍ ഇക്കാര്യത്തില്‍ അപകടസാധ്യത കൂടുതലായിട്ടാണ് കാണുന്നത്.

2020 മാര്‍ച്ച് 1 മുതല്‍ 2021 ജനുവരി 15 വരെയുള്ള പ്രായപൂര്‍ത്തിയായ 1,53,848 കോവിഡ് രോഗികളുടെ ഇലക്ട്രോണിക് മെഡിക്കല്‍ ഡാറ്റയാണ് പഠനത്തിനായി വിശകലനം ചെയ്തത്. കോവിഡ് മഹാമാരിയുടെ ആദ്യ സമയത്തായിരുന്നതിനാല്‍ രോഗബാധയ്ക്ക് മുന്‍പായി വാക്സിനെടുത്തവര്‍ ഇല്ലായിരുന്നു. 2021 നവംബര്‍ 30 വരെ പഠനത്തില്‍ പങ്കെടുത്ത ഇവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു. വാക്സിനെടുത്ത ശേഷവും പോസ്റ്റ് കോവിഡ് പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴും ഇവരിലുണ്ടാകുന്ന മാനസികാരോഗ്യ ലക്ഷണങ്ങള്‍ വിലയിരുത്താന്‍ പഠന സംഘത്തിന് പദ്ധതിയുണ്ട്.