Home ആരോഗ്യം ലസ്സ പനി ബാധിച്ച് ആദ്യ മരണം; ലക്ഷണങ്ങള്‍ അറിയാം

ലസ്സ പനി ബാധിച്ച് ആദ്യ മരണം; ലക്ഷണങ്ങള്‍ അറിയാം

യുകെയില്‍ ലസ്സ പനി ബാധിച്ച് ഒരാള്‍ മരിച്ചു. വൈറസ് ബാധയേറ്റ് ചികിത്സയിലിരിക്കുന്ന മൂന്ന് പേരില്‍ ഒരാളാണ് മരിച്ചത്. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്റെ യാത്രാ ചരിത്രമുള്ളവര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. നൈജീരിയയിലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത്.

ബെഡ്ഫോഡ്ഷെയറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാളാണ് മരിച്ചതെന്ന് യുകെ ആരോഗ്യ അധികൃതര്‍ വ്യക്തമാക്കി. കോവിഡ് മൂന്നാംതരംഗം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് മോചനം നേടുന്നതിനിടെ യുകെയില്‍ ലസ്സ പനി സ്ഥിരീകരിച്ചത് ആശങ്കക്കിടയാക്കിയിരിക്കുകയാണ്. വ്യാപകമായി പകരാനുള്ള സാധ്യത വളരെ കുറവാണെന്നും പൊതുജനാരോഗ്യത്തിന് ലസ്സ വലിയ ഭീഷണി സൃഷ്ടിക്കില്ലെന്നുമാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

മരണനിരക്ക് കുറവാണ്. രോഗം ബാധിച്ച ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് മരണം സംഭവിക്കാന്‍ സാധ്യതയുള്ളത്. രോഗം ബാധിച്ച 80 ശതമാനം പേരിലും രോഗലക്ഷണങ്ങള്‍ കാണിക്കാറില്ല. ഗര്‍ഭം ധരിച്ച് ആറുമാസം കഴിഞ്ഞവര്‍ അടക്കം ചിലര്‍ക്ക് മാത്രമാണ് ഇത് ബാധിച്ചാല്‍ രോഗം ഗുരുതരമാകുന്നതെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

പശ്ചിമാഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ മാത്രം കണ്ടിരുന്ന വൈറല്‍ രോഗമാണ് ലസ്സ പനി. 1969ല്‍ ആദ്യമായി കേസുകള്‍ കണ്ടെത്തിയത് നൈജീരിയയിലെ ലസ്സ നഗരത്തിലാണ്. ഇതോടെയാണ് വൈറസിന് ലസ്സ എന്ന് പേര് നല്‍കിയത്. എലികളാണ് രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകുന്നത്. രോഗം ബാധിച്ച എലിയുടെ മൂത്രം, കാഷ്ഠം എന്നിവ വഴിയാണ് രോഗ പകരാനുള്ള സാധ്യത നിലനില്‍ക്കുന്നത്.

അപൂര്‍വ്വമായി രോഗം ബാധിച്ച ആളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗബാധിതനായ ആളുടെ സ്രവങ്ങള്‍ വഴി രോഗം പകരാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

തൊട്ടടുത്ത് ഇരുന്നത് കൊണ്ടോ, ഹസ്തദാനം നല്‍കിയത് കൊണ്ടോ രോഗം വരണമെന്നില്ല. രോഗം ബാധിച്ച് ഒന്നു മുതല്‍ മൂന്നാഴ്ചയ്ക്കകം രോഗലക്ഷണങ്ങള്‍ കണ്ടുവരുന്നുണ്ട്. പനി, ക്ഷീണം, തലവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രക്തസ്രാവം, ശ്വസനത്തിന് ബുദ്ധിമുട്ട്, ഛര്‍ദി തുടങ്ങി കടുത്ത ലക്ഷണങ്ങളും കാണിച്ചെന്നുവരാമെന്നും വിദഗ്ധര്‍ പറയുന്നു.രോഗലക്ഷണങ്ങള്‍ കാണിച്ച് രണ്ടാഴ്ചക്കകം ചിലരില്‍ മരണം സംഭവിക്കാം. പലപ്പോഴും ഒന്നിലധികം അവയവങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചാണ് മരണം സംഭവിക്കുന്നതെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.