Home അറിവ് സ്ലീപ്പര്‍ ക്ലാസുകള്‍ ഒഴിവാക്കാനൊരുങ്ങി റെയില്‍വേ; പകരം നിരക്ക് കുറഞ്ഞ എസി ക്ലാസ്

സ്ലീപ്പര്‍ ക്ലാസുകള്‍ ഒഴിവാക്കാനൊരുങ്ങി റെയില്‍വേ; പകരം നിരക്ക് കുറഞ്ഞ എസി ക്ലാസ്

ട്രെയിനുകളിലെ സ്ലീപ്പര്‍ ക്ലാസ്സുകള്‍ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. ഇവയ്ക്ക് പകരം നിരക്ക് കുറഞ്ഞ തേഡ് എസി ക്ലാസ്സുകള്‍ ആരംഭിക്കാനാണ് പദ്ധതി. മാസങ്ങള്‍ക്ക് മുന്‍പ് ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് എസി ഇക്കണോമി ക്ലാസ് കോച്ച് റെയില്‍വേ പുറത്തിറക്കിയത്.

ഇതിന്റെ പരീക്ഷണയോട്ടവും വിജയകരമായി പൂര്‍ത്തിയാക്കി. ചൂടുകൂടി വരുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ സുഖയാത്ര എന്ന ലക്ഷ്യത്തോടെയാണ് റെയില്‍വേ പുതിയ പദ്ധതി നടപ്പാക്കുന്നത്.

ഏപ്രില്‍ അവസാനത്തോടെ ഇത്തരത്തിലുള്ള 20 കോച്ചുകള്‍ സെന്‍ട്രല്‍ റെയില്‍വേക്ക് ലഭിക്കും. ഏറെ പ്രത്യേകതകളുമായാണ് പുതിയ എ സി കോച്ചുകളെത്തുന്നത്. 83 പേര്‍ക്ക് ഒരു കോച്ചില്‍ യാത്രചെയ്യാന്‍ കഴിയും. ഒരു വാതിലിലൂടെ വീല്‍ചെയര്‍ കയറ്റാനുള്ള സംവിധാനമുണ്ടാകും. ഒരു ശൗചാലയത്തിനും ഈ സൗകര്യമുണ്ടാകും.

പ്രത്യേക എസി സംവിധാനം, മികച്ച സീറ്റുകളും ബര്‍ത്തുകളും ലഘുഭക്ഷണം കഴിക്കാന്‍ മടക്കിവെക്കാവുന്ന മേശ, മൊബൈല്‍ ഫോണും പുസ്തകങ്ങളും വെക്കാന്‍ സംവിധാനം, ഓരോ ബര്‍ത്തിലും പ്രത്യേകം ലൈറ്റുകള്‍, ചാര്‍ജിങ് പോയന്റുകള്‍ എന്നിവയുണ്ടാകും.

രാജധാനി, തുരന്തോ, ശതാബ്ദി, ജനശതാബ്ദി ട്രെയിനുകള്‍ ഒഴികെ മറ്റു തീവണ്ടികളിലാണ് നിരക്ക് കുറഞ്ഞ എ സി കോച്ചുകള്‍ ഘടിപ്പിക്കുക. പുതിയത് എല്‍ എച്ച് ബി കോച്ചുകളായതിനാല്‍ തത്കാലം ഈ കോച്ചുകളുമായി ഓടുന്ന തീവണ്ടികളിലെ സ്ലീപ്പര്‍ ക്ലാസുകളായിരിക്കും മാറ്റുക.