Home വിദ്യഭ്യാസം എംബിബിഎസ് പ്രവേശനം; യോഗ നിര്‍ബന്ധമാക്കുന്നു

എംബിബിഎസ് പ്രവേശനം; യോഗ നിര്‍ബന്ധമാക്കുന്നു

വര്‍ഷം മുതല്‍ എംബിബിഎസിനു ചേരുന്ന സമയത്തു 10 ദിവസത്തെ യോഗ പരിശീലനം നിര്‍ബന്ധമാക്കുന്നു. ദേശീയ മെഡിക്കല്‍ കമ്മിഷന്റേതാണ് (എന്‍എംസി) തീരുമാനം. രാജ്യാന്തര യോഗ ദിനത്തില്‍ (ജൂണ്‍ 21) രാവിലെയും യോഗ നിര്‍ബന്ധം. ആദ്യ 3 വര്‍ഷങ്ങളില്‍ യോഗ പരിശീലനം പഠനത്തിന്റെ ഭാഗമാക്കും. ഇതിനു പ്രത്യേക അധ്യാപകനെ നിയോഗിക്കണം.

മെഡിക്കല്‍ കോഴ്‌സുകള്‍ പ്രാദേശിക ഭാഷയില്‍ നടത്തണമെന്ന നിര്‍ദേശത്തില്‍ എന്‍എംസി യോഗം തീരുമാനമെടുത്തില്ല. ഈ വര്‍ഷത്തെ എംബിബിഎസ് കോഴ്‌സ് ആരംഭിക്കാന്‍ വൈകിയ സാഹചര്യത്തില്‍ ഞായര്‍ ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളിലും ക്ലാസ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഫൗണ്ടേഷന്‍ കോഴ്‌സ് 6 മാസം മുതല്‍ ഒരു വര്‍ഷം വരെ, കോളജുകളുടെ ആവശ്യമനുസരിച്ചു നീട്ടാം. അധിക സമയവും അവധി ദിവസങ്ങളും ഉപയോഗിച്ചു സമയം ക്രമീകരിക്കാം. വേനല്‍ക്കാല, ശൈത്യകാല ഇടവേളകള്‍ ഒരാഴ്ച മാത്രമായിരിക്കും.

പരീക്ഷാഫലമെത്തി മൂന്നാഴ്ചയ്ക്കുള്ളില്‍ സപ്ലിമെന്ററി പരീക്ഷ നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇലക്ടീവിനു മുന്‍പു 2 മാസമാണ് അനുവദിച്ചിരുന്നതെങ്കില്‍ ഇത്തവണ ഒരു മാസം മാത്രം. ക്യാംപസിനുള്ളില്‍ തന്നെയാകണം ഇതു ചെയ്യേണ്ടതെന്നും ഇതിനു വേണ്ടി അര ദിവസം മാത്രമേ വിനിയോഗിക്കാവൂ എന്നും ബാക്കി സമയം സാധാരണ ക്ലാസില്‍ ഭാഗമാകണമെന്നും നിര്‍ദേശമുണ്ട്. ഇതിനു ഹാജര്‍ നിര്‍ബന്ധമാക്കും.