Home അന്തർദ്ദേശീയം ചന്ദ്രനിലേക്ക് സൗജന്യയാത്രക്ക് അവസരം; മത്സരത്തില്‍ പങ്കെടുക്കാം

ചന്ദ്രനിലേക്ക് സൗജന്യയാത്രക്ക് അവസരം; മത്സരത്തില്‍ പങ്കെടുക്കാം

2023ല്‍ നടക്കുന്ന ചന്ദ്രയാത്രയ്ക്ക് തന്നോടൊപ്പം ചേരാന്‍ എട്ട് പേര്‍ക്ക് അവസരമൊരുക്കി ശതകോടീശ്വരന്‍ യൂസാകു മീസാവ. ജപ്പാനിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയിലര്‍ സോസോടൗണിന്റെ സ്ഥാപകനാണ് മീസാവ. സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പ് റോക്കറ്റില്‍ നടത്തുന്ന സ്വതന്ത്ര ചന്ദ്രയാത്രയ്ക്കായാണ് മീസാവ കൂട്ടാളികളെ ക്ഷണിച്ചിരിക്കുന്നത്.

‘ഡിയര്‍ മൂണ്‍’ എന്നാണ് ഈ ചാന്ദ്രദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്. യാത്രയില്‍ മൊത്തം 10-12 പേര്‍ ഉണ്ടായിരിക്കും. പക്ഷെ താനിപ്പോള്‍ എട്ടു പേരെയാണ് ക്ഷണിക്കുന്നത്. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ളവര്‍ തന്നോടൊപ്പം യാത്രയ്ക്ക് ചേരണമെന്ന് ആഗ്രഹിക്കുന്നുവെന്നും മീസാവ പറഞ്ഞു.

സഹയാത്രികരെ തിരഞ്ഞെടുക്കാന്‍ ആരംഭിച്ച മത്സരത്തിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ഇമെയില്‍ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. യാത്രയുടെ മുഴുവന്‍ ചിലവും താന്‍ വഹിക്കുമെന്നും എട്ടുപേരും പൂര്‍ണ്ണമായും സൗജന്യമായിട്ടായിരിക്കും തനിക്കൊപ്പം വരുന്നതെന്നും മീസാവ പറഞ്ഞു.

2018ല്‍ സ്പേയിസ് എക്സ് സിഇഒ ഇലോണ്‍ മസ്‌കാണ് തന്റെ സ്റ്റാര്‍ഷിപ് റോക്കറ്റിലെ ആദ്യ യാത്രക്കാരനായാണ് മിസാവയെ പ്രഖ്യപിച്ചത്. ഇതിനു പിന്നാലെ ആറ് ദിവസത്തെ ചന്ദ്രദൗത്യത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എട്ടോളം കലാകാരന്മാരെ ഒപ്പം ചേര്‍ക്കുമെന്ന് മിസാവ അറിയിച്ചു.