Home വിദ്യഭ്യാസം നവോദയ ആറാം ക്ലാസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം; നവംബര്‍ 30 വരെ അവസരം

നവോദയ ആറാം ക്ലാസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം; നവംബര്‍ 30 വരെ അവസരം

വോദയ വിദ്യാലയങ്ങളില്‍ അടുത്ത അധ്യയനവര്‍ഷത്തെ ആറാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷിക്കാം. നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അവസരമുണ്ട്. അംഗീകാരമുള്ള സ്‌കൂളില്‍ ഇപ്പോള്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരായിരിക്കണം അപേക്ഷകര്‍. സ്വന്തം ജില്ലയിലെ സ്‌കൂളിലേക്കു മാത്രമേ അപേക്ഷിക്കാവൂ. നേരത്തേ 5 ജയിച്ചവര്‍ അപേക്ഷിക്കേണ്ട. അംഗീകൃത ഓപ്പണ്‍ സ്‌കൂളുകാര്‍ ‘ബി’ ലവല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കണം. അപേക്ഷാഫീസില്ല.

കേരളത്തിലെ 14 ജില്ലകളിലായി 14 സ്‌കൂളുകളുണ്ട്. 6 മുതല്‍ 12 വരെ ക്ലാസുകളിലായി സിബിഎസ്ഇ സിലബസ് അനുസരിച്ചാണു പഠനം. സ്‌കൂള്‍ ക്യാംപസില്‍ താമസിച്ചു പഠിക്കണം. പഠനം, താമസം, ഭക്ഷണം, യൂണിഫോം, പാഠപുസ്തകങ്ങള്‍ എന്നിവ സൗജന്യം. 9-12 ക്ലാസുകളില്‍ മാത്രം 600 രൂപ പ്രതിമാസ ഫീസുണ്ട്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍, പെണ്‍കുട്ടികള്‍, പട്ടികവിഭാഗക്കാര്‍ എന്നിവര്‍ ഈ ഫീസും നല്‍കേണ്ട.

ജനനം 2009 മേയ് ഒന്നിനു മുന്‍പോ 2013 ഏപ്രില്‍ 30നു ശേഷമോ ആകരുത്. പട്ടികവിഭാഗക്കാരടക്കം ആര്‍ക്കും പ്രായത്തില്‍ ഇളവില്ല. ഫോമും പ്രോസ്പെക്ടസും www.navodaya.gov.in എന്ന വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം. ഇന്റര്‍നെറ്റ് കൈകാര്യം ചെയ്യാന്‍ പ്രയാസമുളളവര്‍ക്ക് നവോദയ സ്‌കൂളുകളില്‍ അപേക്ഷാസമര്‍പ്പണത്തിനു സൗജന്യസഹായം ലഭിക്കും.

ഗ്രാമീണവിദ്യാര്‍ഥികള്‍ക്കുള്ള 75 % ക്വോട്ടയില്‍ പരിഗണിക്കുന്നത് 3,4,5 ക്ലാസുകളിലെ പഠനം ഗ്രാമപ്രദേശങ്ങളില്‍ നടത്തിയവരെയാണ്. ഈ ഘട്ടത്തില്‍ ഒരു ദിവസമെങ്കിലും നഗരപ്രദേശങ്ങളില്‍ പഠിച്ചിട്ടുണ്ടെങ്കില്‍ ഗ്രാമീണരായി പരിഗണിക്കില്ല.

എട്ടു വരെ മലയാളമാധ്യമം. തുടര്‍ന്ന് മാത്സും സയന്‍സും ഇംഗ്ലിഷിലും, സോഷ്യല്‍ സയന്‍സ് ഹിന്ദിയിലും. പത്തിലും പന്ത്രണ്ടിലും സിബിഎസ്ഇ പരീക്ഷയെഴുതാം. മൂന്നിലൊന്നു സീറ്റ് പെണ്‍കുട്ടികള്‍ക്കാണ്. പട്ടികജാതി / വര്‍ഗ സംവരണം ജില്ലയിലെ ജനസംഖ്യാനുപാതികമായിട്ടാണ്. പക്ഷേ യഥാക്രമം 15 / ഏഴര ശതമാനത്തില്‍ കുറയില്ല. രണ്ടും ചേര്‍ത്ത് 50 ശതമാനത്തില്‍ കൂടുകയുമില്ല.

ഭിന്നശേഷിക്കാര്‍ക്കു കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡപ്രകാരം. ഓരോ സ്‌കൂളിലും 80 സീറ്റുകളിലേക്കാവും പ്രവേശനം. 9-ാം ക്ലാസിലേക്കു കടക്കുന്ന കുട്ടികള്‍ ഹിന്ദി പ്രദേശങ്ങളിലെവിടെയെങ്കിലുമുള്ള സ്‌കൂളിലേക്കു മാറി ഒരു വര്‍ഷം പഠിക്കേണ്ടിവരും.

പ്രവേശനപരീക്ഷ ഏപ്രില്‍ 30ന് നടത്തും. 2022 ഏപ്രില്‍ 30നു നടത്തുന്ന ടെസ്റ്റിലെ പ്രകടനം ആധാരമാക്കിയാണ് സിലക്ഷന്‍.

ഇതിന്റെ ഘടന താഴെ കൊടുക്കുന്നു

മാനസികശേഷി: 40 ചോദ്യം, 50 മാര്‍ക്ക്, 60 മിനിറ്റ്

അരിത്മെറ്റിക്: – 20 ചോദ്യം, 25 മാര്‍ക്ക്, 30 മിനിറ്റ്

ഭാഷ: 20 ചോദ്യം, 25 മാര്‍ക്ക്, 30 മിനിറ്റ്

ആകെ: 80 ഒബ്ജക്ടീവ് ചോദ്യം, 100 മാര്‍ക്ക്, 120 മിനിറ്റ്. തെറ്റിനു മാര്‍ക്ക് കുറയ്ക്കില്ല. അഞ്ചാം ക്ലാസില്‍ കുട്ടി പഠിച്ച ഭാഷയില്‍ പരീക്ഷയെഴുതാം. പരീക്ഷാഫലം ജൂണില്‍ വരും. ഈ പരീക്ഷ ഒരു പ്രാവശ്യം മാത്രമേ എഴുതാന്‍ അനുവാദമുള്ളൂ. ടെസ്റ്റിലെ ചോദ്യമാതൃകകളുള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ക്കു പ്രോസ്‌പെക്ടസ് നോക്കുക.