Home ആരോഗ്യം പാരസെറ്റമോള്‍ അധികമാക്കണ്ട; രക്തസമ്മര്‍ദ്ദത്തിലേക്ക് നയിക്കുമെന്ന് പഠനം

പാരസെറ്റമോള്‍ അധികമാക്കണ്ട; രക്തസമ്മര്‍ദ്ദത്തിലേക്ക് നയിക്കുമെന്ന് പഠനം

പാരസെറ്റമോളിന്റെ നിത്യവുമുളള ഉപയോഗം രക്തസമ്മര്‍ദം ഉയര്‍ത്തുമെന്നും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും തെളിയിക്കുന്ന പഠനഫലം പുറത്ത്. എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. അതേസമയം, ഇടയ്ക്ക് പനിയോ തലവേദനയോ വരുമ്പോള്‍ പാരസെറ്റമോള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആശങ്ക വേണ്ടെന്നും ഏറെക്കാലം നിത്യേനയുള്ള ഉപയോഗമാണ് പ്രശ്‌നമെന്നും നാഷനല്‍ ഹെല്‍ത്ത് സര്‍വീസിലെ ക്ലിനിക്കല്‍ ഫാര്‍മക്കോളജി ആന്‍ഡ് നെഫ്രോളജി കണ്‍സല്‍റ്റന്റ് ഡോ. ഇയാന്‍ വ്യക്തമാക്കുന്നു.

ഹൃദയാഘാത, പക്ഷാഘാത സാധ്യതയുള്ളവര്‍ക്ക് പാരസെറ്റമോള്‍ നിര്‍ദ്ദേശിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് എഡിന്‍ബര്‍ഗിലെ ഗവേഷകര്‍ ആവശ്യപ്പെടുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ ചരിത്രമുള്ള 110 രോഗികളിലാണ് ഗവേഷണം നടത്തിയത്. ഇവരില്‍ ഒരു സംഘത്തിന് രണ്ടാഴ്ച ദിവസവും നാലു നേരം ഒരു ഗ്രാം വീതം പാരസെറ്റമോള്‍ നല്‍കി, മറ്റൊരു സംഘത്തിന് പ്ലാസെബോയും. നാലു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ പാരസെറ്റമോള്‍ ലഭിച്ച സംഘത്തിലുള്ളവരുടെ രക്തസമ്മര്‍ദം ഗണ്യമായി ഉയര്‍ന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. ഇവര്‍ക്ക് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യതയും 20 ശതമാനം വര്‍ധിച്ചതായി കണ്ടെത്തി.

യുകെയില്‍ 10 പേരില്‍ ഒരാള്‍ വേദനസംഹാരിയായി നിത്യവും പാരസെറ്റമോള്‍ കഴിക്കുന്നുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. അവിടെ മുതിര്‍ന്നവരില്‍ മൂന്നിലൊരാള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും നേരിടുന്നു. വേദനസംഹാരിയെന്ന നിലയില്‍ ഡോക്ടര്‍മാര്‍ പാരസെറ്റമോള്‍ കുറിക്കുമ്പോള്‍ ഏറ്റവും ചെറിയ ഡോസില്‍ തുടങ്ങി ഘട്ടം ഘട്ടമായി മാത്രം ഡോസ് ഉയര്‍ത്തണമെന്നും വേദന നിയന്ത്രിക്കാന്‍ പറ്റുന്ന അളവിനു മേല്‍ ഡോസ് നല്‍കരുതെന്നും എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ തെറാപ്യൂട്ടിക്‌സ് ആന്‍ഡ് ക്ലിനിക്കല്‍ ഫാര്‍മക്കോളജി ചെയര്‍ പ്രഫസര്‍ ഡേവിഡ് വെബ് നിര്‍ദ്ദേശിക്കുന്നു. വേദന മാറാന്‍ പാരസെറ്റമോള്‍ കഴിക്കാതിരിക്കാന്‍ നിര്‍വാഹമില്ലാത്തവര്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ വേറേ മരുന്ന് ഉപയോഗിക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.