Home Uncategorized ഫേസ്ബുക്ക് അക്കൗണ്ടിലൂടെ തോന്നിയത് വിളിച്ച് പറഞ്ഞാല്‍ പണികിട്ടും

ഫേസ്ബുക്ക് അക്കൗണ്ടിലൂടെ തോന്നിയത് വിളിച്ച് പറഞ്ഞാല്‍ പണികിട്ടും

A hand holding a smartphone while on the Facebook app

ഫേയ്‌സ്ബുക് അക്കൗണ്ടിലൂടെ എന്തും വിളിച്ചു പറയാമെന്നും പങ്കുവയ്ക്കാമെന്നും കരുതിയാല്‍ ഇനി പണി കിട്ടും. ചിലപ്പോള്‍ ജയില്‍ ശിക്ഷ വരെ അനുഭവിക്കേണ്ടി വരും. പൊതുവില്‍ പറഞ്ഞാല്‍ അതാത് രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള ഏത് ഫേസ്ബുക് പോസ്റ്റും നിങ്ങളെ കുടുക്കിലാക്കിയേക്കാം. ഒരു പൊതു സ്ഥലത്ത് പറയാന്‍ പാടില്ലാത്ത ഒന്നും ഫേസ്ബുക് പോസ്റ്റിലും പാടില്ല.

സാധാരണ നിലയില്‍ ഇത്തരം നിയമലംഘനങ്ങള്‍ പൊലീസ് അന്വേഷിച്ച് നടക്കാറില്ല. നിങ്ങളുടെ പോസ്റ്റിനെക്കുറിച്ച് പരാതി ലഭിക്കുന്ന മുറക്കാണ് അന്വേഷണവും നടപടികളും ഉണ്ടാവുക. പരാതി ലഭിക്കാത്ത പോസ്റ്റുകള്‍ രക്ഷപ്പെട്ടെന്ന് കരുതി എപ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ല.

ഫേസ്ബുക് തങ്ങളുടെ നയങ്ങളില്‍ തന്നെ വിദ്വേഷ പ്രസംഗം അനുവദിക്കില്ലെന്ന് വ്യക്തമായി പറയുന്നുണ്ട്. ഇത്തരം പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നവരുടെ അക്കൗണ്ടുകളും ഫെയ്‌സ്ബുക് മരവിപ്പിക്കാനും സസ്പെന്‍ഡ് ചെയ്യാനും സാധ്യതയുണ്ട്. ലൈംഗികമായും, വര്‍ണ-വര്‍ഗപരമായുമുള്ള പരിധി വിട്ട അധിക്ഷേപങ്ങള്‍ നിങ്ങളെ ജയിലിലാക്കും.

കഴിഞ്ഞ ഓഗസ്റ്റില്‍ ഒരു ബ്രിട്ടിഷുകാരി ഇത്തരത്തില്‍ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഞ്ചുവയസുകാരന്‍ അഭയാര്‍ഥി ഹോട്ടല്‍ മുറിയിലെ ജനാലയിലൂടെ താഴേക്ക് വീണ് മരിച്ച സംഭവത്തില്‍ വംശീയമായ പരാമര്‍ശം നടത്തിയതിനായിരുന്നു അറസ്റ്റ്. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെയാണ് അഞ്ച് വയസുകാരന്‍ മുഹമ്മദ് മുനിബ് മജീദിയും കുടുംബവും ബ്രിട്ടനില്‍ അഭയം തേടിയെത്തിയത്. ഈ സംഭവത്തിനെതിരെ നടത്തിയ വംശീയ വിദ്വേഷം പരത്തുന്ന കമന്റ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സൗത്ത് യോര്‍ക്ഷെയര്‍ പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പെനല്‍റ്റി നഷ്ടപ്പെടുത്തിയതിന് ഇംഗ്ലിഷ് ഫുട്ബോളര്‍മാര്‍ക്കെതിരെ വ്യാപകമായ വംശീയ അധിക്ഷേപം നടന്നിരുന്നു. ബുക്കായോ സാക, ജാഡന്‍ സാഞ്ചോ, മാര്‍കസ് റാഷ്ഫോഡ് എന്നിവര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നടന്ന വംശീയാധിക്ഷേപത്തെ തുടര്‍ന്ന് കുറഞ്ഞത് 11 പേരെയാണ് അറസ്റ്റു ചെയ്തത്.

റോഡിലൂടെ അപകടകരമായി വാഹനം ഓടിക്കുന്നത് മാത്രമല്ല അതിന്റെ ചിത്രവും വിഡിയോയും ഫെയ്‌സ്ബുക് വഴി പങ്കുവയ്ക്കുന്നതും നിങ്ങളെ കോടതിയിലും ജയിലിലും എത്തിക്കാം. നിങ്ങള്‍ നടത്തുന്ന നിയമലംഘനത്തിന്റെ ശക്തമായ തെളിവാണ് ഇത്തരം പോസ്റ്റുകള്‍ വഴി പൊലീസിന് നല്‍കുന്നത്. നിയമവിരുദ്ധമായി റോഡുകളില്‍ നടത്തുന്ന സ്റ്റണ്ടുകളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവെക്കുന്നത് പൊലീസിനെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. നിയമങ്ങളെക്കുറിച്ചുള്ള ധാരണക്കുറവും ചില സമയങ്ങളില്‍ പാരയാവും.

കാനഡയില്‍ കഴിഞ്ഞ വര്‍ഷം ടെസ്ലയില്‍ മണിക്കൂറില്‍ 140കിലോമീറ്റര്‍ വേഗത്തില്‍ പോകുമ്പോള്‍ ഡ്രൈവര്‍ ഉറങ്ങുന്നതിന്റെ ദൃശ്യം പങ്കുവച്ചതും വിഡിയോ എടുത്തയാള്‍ക്കും ഡ്രൈവര്‍ക്കും പണിയായിരുന്നു. ഹൈവേയില്‍ ഇത്ര വേഗത്തില്‍ സുഖമായി ഉറങ്ങിക്കൊണ്ട് പോകാമെന്നും എല്ലാം ടെസ്ലയും ഓട്ടോ പൈലറ്റ് സംവിധാനവും നോക്കുമെന്നുമായിരിക്കണം ഇത്തരം ദൃശ്യങ്ങള്‍ പങ്കുവെക്കുമ്പോള്‍ ഇവരുടെ മനസ്സിലിരിപ്പ്. ഓട്ടോപൈലറ്റ് മോഡിലുള്ളപ്പോള്‍ ഡ്രൈവിംങ് സീറ്റിലുള്ളയാള്‍ സ്റ്റിയറിങ്ങില്‍ കൈവയ്ക്കണമെന്നതും അടിയന്തര ഘട്ടങ്ങളില്‍ ഇടപെടാന്‍ വേണ്ട ജാഗ്രതയോടെ ഇരിക്കണമെന്നുമുള്ള നിയമം ഇവര്‍ക്കറിയില്ലായിരുന്നു.

ഏതെങ്കിലും ക്രിമിനല്‍കേസിന്റെ വിചാരണയെ ബാധിക്കുന്ന തരത്തിലുള്ള ഫെയ്‌സ്ബുക് പോസ്റ്റുകള്‍ നിങ്ങളെ കുടുക്കിലാക്കുമെന്ന് ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നു. ന്യായാധിപരെക്കുറിച്ചുള്ളതോ എതിര്‍കക്ഷികളേയും ഇരകളേയും സാക്ഷികളേയും കുറിച്ചുള്ളതോ ആയ പരാമര്‍ശങ്ങള്‍ ഫെയ്‌സ്ബുക്കില്‍ അവസാനിക്കണമെന്നില്ലെന്ന് ചുരുക്കം.

വിചാരണ നടന്നുകൊണ്ടിരിക്കുന്ന കേസില്‍ പ്രതിഭാഗം ആ കുറ്റം ചെയ്തുവെന്ന് ഉറപ്പുണ്ടെന്ന് പറയും വിധമുള്ള പോസ്റ്റുകളും നിങ്ങളെ കുഴപ്പത്തില്‍ ചാടിച്ചേക്കാം. വിചാരണയിലിരിക്കുന്ന കേസിനെ സ്വാധീനിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളെ കോടതിയലക്ഷ്യത്തിന്റെ പരിധിയിലേക്ക് വരും. ആര്‍ക്കെങ്കിലും സുതാര്യമായ വിചാരണക്ക് തടസമാകുന്ന ഏതെങ്കിലും പ്രവൃത്തി നിങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായെന്ന് തെളിഞ്ഞാല്‍ അത് നിയമപരമായി കുറ്റമായി മാറും.