Home വാഹനം പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍; 69000 സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനുകള്‍; 69000 സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും ബാറ്ററി ചാര്‍ജിങ് സൗകര്യം സ്ഥാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വൈദ്യുത വാഹന വില്‍പന പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. രാജ്യത്തുള്ള 69,000 പെട്രോള്‍ പമ്പുകളില്‍ ഓരോ ഇ ചാര്‍ജിങ് കിയോസ്‌കെങ്കിലും ഉറപ്പാക്കാനാണു തീരുമാനം.

വൈദ്യുത വാഹനങ്ങളുടെ വില്‍പന ഉയരണമെങ്കില്‍ ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള സംവിധാനം വ്യാപകമാക്കേണ്ടതുണ്ട്. ചാര്‍ജിങ് സൗകര്യം വ്യാപകമാകുന്നതോടെ കൂടുതല്‍ പേര്‍ വൈദ്യുത വാഹനം തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അതുകൊണ്ടാണു രാജ്യത്തെ 69,000ത്തോളം പെട്രോള്‍ പമ്പുകളില്‍ കുറഞ്ഞത് ഒരു വൈദ്യുത വാഹന ചാര്‍ജിങ് കിയോസ്‌കെങ്കിലും സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി.

ബാറ്ററിയില്‍ ഓടുന്ന വാഹനങ്ങളുടെ ചരക്ക്, സേവന നികുതി(ജി എസ് ടി) അഞ്ചു ശതമാനമായി കുറച്ചതടക്കം ചൂണ്ടിക്കാട്ടി രാജ്യത്തു വൈദ്യുത വാഹന വില്‍പന പ്രോത്സാഹിപ്പിക്കാനുള്ള ഊര്‍ജിത ശ്രമങ്ങളാണു സര്‍ക്കാര്‍ നടത്തുന്നതെന്ന് ഗഢ്കരി അവകാശപ്പെട്ടു. നികുതി നിര്‍ണയത്തിനായി ഇരുചക്ര, ത്രിചക്രവാഹനങ്ങളിലെ ബാറ്ററി വിലയെ വാഹനവിലയില്‍ നിന്നു വേര്‍പെടുത്താന്‍ തീരുമാനിച്ചതും ഇതിന്റെ ഭാഗമായാണ്.

അഞ്ചു വര്‍ഷത്തിനകം ആഗോളതലത്തില്‍ പ്രധാന വാഹന നിര്‍മാതാക്കളായി ഇന്ത്യ മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പെട്രോളിനു പുറമെ എഥനോളും സമ്മര്‍ദിത പ്രകൃതി വാതക(സി എന്‍ ജി)വും ഇന്ധനമാക്കാന്‍ പ്രാപ്തിയുള്ള ഫ്‌ളെക്‌സ് എന്‍ജിനുകള്‍ വികസിപ്പിക്കാനും ഗഢ്കരി വാഹന നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു.