Home അറിവ് പഞ്ചായത്ത് സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കി; അപേക്ഷകള്‍ ഇമെയിലില്‍ നല്‍കാം

പഞ്ചായത്ത് സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കി; അപേക്ഷകള്‍ ഇമെയിലില്‍ നല്‍കാം

കോവിഡ് രണ്ടാം തരംഗം സംസ്്ഥാനത്തില്‍ പിടിമുറുക്കിയിരിക്കുകയാണ് ഈ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തുന്ന കര്‍ശനനിയന്ത്രണങ്ങളുടെ ഭാഗമായി പഞ്ചായത്തിന്റെ പൊതുജനസേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കി. ഇതുസംബന്ധിച്ച വകുപ്പുതല ഉത്തരവിറങ്ങി. പഞ്ചായത്ത് വകുപ്പിനെ അവശ്യസര്‍വീസായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ഉത്തവരില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപേക്ഷകള്‍ പരമാവധി ഇ-മെയില്‍ മുഖേന നല്‍കണമെന്നും സര്‍ട്ടിഫിക്കറ്റുകളും മറ്റും വെബ് വിലാസങ്ങള്‍ നല്‍കി അതിലൂടെ പരസ്യപ്പെടുത്തണമെന്നുമാണ് നിര്‍ദേശം. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള ഗ്രാമപഞ്ചായത്തുകളില്‍ രോഗപ്രതിരോധ നടപടികള്‍ക്കു മുന്‍ഗണന നല്‍കി അടിയന്തര സേവനങ്ങള്‍ മാത്രം നല്‍കാമെന്നും ഉത്തരവിലുണ്ട്.

വരുന്ന ഒരു മാസത്തേക്ക് ഓഫീസ്, രോഗപ്രതിരോധം, സിഎഫ്എല്‍ടിസി/ ഡിസിസി/ സിഎസ്എല്‍ടിസി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാത്തവിധം ടേണുകളായി തിരിച്ച് ജീവനക്കാരെ ഡ്യൂട്ടിക്കു നിയോഗിക്കണം. വകുപ്പിലെ എല്ലാ ഓഫീസുകളിലും ജൂനിയര്‍ സൂപ്രണ്ട്/ ഹെഡ് ക്ലര്‍ക്ക് തസ്തികയില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കോവിഡ് പ്രോട്ടോക്കോള്‍ ഓഫീസറായി ചുമതലപ്പെടുത്തണം.

സിഎഫ്എല്‍ടിസി/ ഡിസിസി/ സിഎസ്എല്‍ടിസികളുടെ മേല്‍നോട്ട ചുമതല അസിസ്റ്റന്റ് സെക്രട്ടറി, ഹെഡ് ക്ലര്‍ക്ക്/ ജൂനിയര്‍ സൂപ്രണ്ട് വഹിക്കണം. രോഗപ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അധിക ജീവനക്കാരെ ആവശ്യമായി വന്നാല്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തില്‍നിന്ന് പ്രത്യേക ഉത്തരവ് വഴി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഈ പഞ്ചായത്തുകളിലേക്ക് ജീവനക്കാരെ വിന്യസിക്കണം.

ഫ്രണ്ട് ഓഫീസിലൂടെ മാത്രമായിരിക്കും സേവനങ്ങള്‍. അടിയന്തര ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്നവരും ഡ്യൂട്ടിയിലുള്ള ജീവനക്കാരും എസ്എംഎസ് (സോപ്പ്, മാസ്‌ക്, സാനിട്ടൈസര്‍) പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അസുഖബാധിതരായ ജീവനക്കാര്‍ക്ക് സൗകര്യപ്രദമായി ഡ്യൂട്ടി ക്രമീകരിക്കണം. ജീവനക്കാര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ച് വിവരം ഓഫീസ് മേലധികാരിയെ അറിയിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.