Home അറിവ് പുതിയ ട്രാവല്‍ ടൂള്‍ ഫീച്ചറുമായി ഗൂഗിള്‍; കോവിഡ് കാലത്തെ സഞ്ചാരം സുരക്ഷിതമാക്കാം

പുതിയ ട്രാവല്‍ ടൂള്‍ ഫീച്ചറുമായി ഗൂഗിള്‍; കോവിഡ് കാലത്തെ സഞ്ചാരം സുരക്ഷിതമാക്കാം

കോവിഡ് 19 വൈറസ് ലോകത്താകമാനമുള്ള ജനങ്ങളെ പിടിച്ചുലച്ചിരിക്കുകയാണ്. യാത്രകള്‍ ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് ലോക്ഡൗണും മറ്റും വലിയ വിപത്ത് തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോക്ഡൗണുകളും ഗതാഗത നിയന്ത്രണങ്ങളും വിനോദ കേന്ദ്രങ്ങളുടെ അടച്ചുപൂട്ടലുകളുമൊക്കെ യാത്ര മുടക്കുന്നതിനോടൊപ്പം, പോകുന്നിടങ്ങളിലെ നിയന്ത്രണങ്ങളും മറ്റും മുന്‍കൂട്ടിയറിയാന്‍ സാധിക്കാത്തതും ഏറെ ബുദ്ധിമുട്ടാണ്.

സമീപകാലത്തായി തങ്ങളുടെ സെര്‍ച്ച് എഞ്ചിനില്‍ ‘travel restrictions’, ‘where to travel’ എന്നിങ്ങനെയുള്ള സെര്‍ച്ചുകള്‍ കൂടുകയാണെന്ന് ഗൂഗിള്‍ പറയുന്നുമുണ്ട്. അതിനാല്‍, സഞ്ചാരികളുടെ പ്രശ്‌നങ്ങള്‍ക്ക് ഗൂഗിള്‍ ഒരു പോംവഴി കണ്ടെത്തിയിരിക്കുകയാണ്. ഗൂഗിള്‍ സെര്‍ച്ചിലും ഗൂഗിള്‍ മാപ്പ്‌സിലും ചില പുതിയ ഫീച്ചറുകള്‍ ചേര്‍ത്താണ് കമ്പനി സഞ്ചാരികളെ കൈയ്യിലെടുക്കാന്‍ പോകുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു ബ്ലോഗ് പോസ്റ്റിലാണ് കമ്പനി സെര്‍ച്ച് എഞ്ചിനില്‍ അവതരിപ്പിക്കുന്ന ട്രാവല്‍ ടൂള്‍സിനെ കുറിച്ച് വിശദീകരിക്കുന്നത്. യാത്ര പോകുന്നവര്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനവുമായി ബന്ധപ്പെട്ട കോവിഡ് 19 അനുബന്ധ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്ന സംവിധാനങ്ങളാണ് ഗൂഗിള്‍ സെര്‍ച്ചില്‍ ചേര്‍ത്തിരിക്കുന്നത്. അതോടൊപ്പം, റോഡ് ട്രിപ് പ്ലാനറും ഡെസ്റ്റിനേഷനുകള്‍ കണ്ടെത്താനുള്ള പുതുപുത്തന്‍ വഴികളുമൊക്കെ ഗൂഗിള്‍ കൊണ്ടുവന്നിട്ടുണ്ട്.

കോവിഡ് ട്രാവല്‍ അഡൈ്വസറിയിലൂടെ ഗൂഗിള്‍ നിങ്ങളുടെ ലക്ഷ്യസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളെ കുറിച്ചും അവിടെയെത്തിയാലുള്ള ക്വാറന്റീന്‍ നിയമങ്ങളെ കുറിച്ചുമൊക്കെ വിവരങ്ങള്‍ നല്‍കും. ചില സ്ഥലങ്ങളിലേക്ക് പോകുന്നതിന് മുമ്പായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഇ-മെയില്‍ വഴി അപ്‌ഡേറ്റ് നല്‍കുന്ന സംവിധാനവും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാലും പിന്‍വലിച്ചാലും കൂട്ടിയാലും കുറച്ചാലും ഗൂഗിള്‍ ഇ-മെയില്‍ വഴി യാത്രക്കാരെ അറിയിച്ചുകൊണ്ടിരിക്കും. നിലവില്‍ ഈ ഫീച്ചര്‍ അമേരിക്കയില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. വൈകാതെ ആഗോളതലത്തില്‍ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

എന്ന സഞ്ചാരികള്‍ക്കായുള്ള ഗൂഗിളിന്റെ എക്‌സ്‌പ്ലോറിങ് പേജിലും കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. മുമ്പ് വിമാനങ്ങളെ കുറിച്ചും മറ്റും മാത്രം വിവരങ്ങള്‍ ലഭ്യമായിരുന്ന പേജിലൂടെ കൂടുതല്‍ സ്ഥലങ്ങളെ കുറിച്ചും വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചും അറിയാന്‍ സാധിക്കും. ചെറുപട്ടണങ്ങളും ദേശീയ പാര്‍ക്കുകളുമൊക്കെ google.com/travel – ഇല്‍ ഇനി കാണാം. എയര്‍പോര്‍ട്ടുകളുള്ള സിറ്റികള്‍ മാത്രമായി കാണണമെങ്കില്‍ ‘ട്രാവല്‍ മോഡില്‍’ ‘ഫ്‌ലൈറ്റ്‌സ് ഓണ്‍ലി’ എന്ന് സെലക്ട് ചെയ്താല്‍ മതിയാകും. ഏതെങ്കിലും സ്ഥലം തെരഞ്ഞെടുത്താല്‍, അവിടെയുള്ള കോവിഡ് നിയന്ത്രണങ്ങളും അവിടേക്കുള്ള വിമാനങ്ങളുടെ വിവരങ്ങളും ദൃശ്യമാകും. യാത്ര ചെയ്യാന്‍ ഏറ്റവും പറ്റിയ സമയം, ഹോട്ടലുകള്‍ തുടങ്ങിയ വിവരങ്ങളും അറിയാം. ഇനി റോഡ് ട്രിപ്പുകള്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍, ഗൂഗിള്‍ മാപ്പിന്റെ ഡെസ്‌ക്‌ടോപ്പ് വേര്‍ഷനിലും ചില ഫീച്ചറുകള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.