Home നാട്ടുവാർത്ത തൃശൂർക്കാർക്ക് ജയിൽ ഭക്ഷണം കഴിക്കാൻ യോഗം.വിയ്യൂർ ജയിൽ ആപ്പിലായി.

തൃശൂർക്കാർക്ക് ജയിൽ ഭക്ഷണം കഴിക്കാൻ യോഗം.വിയ്യൂർ ജയിൽ ആപ്പിലായി.

ജയിലിലെ ഭക്ഷണം കഴിക്കാൻ യോഗമുള്ള തൃശൂർ നിവാസികൾ ഇനി താമസിക്കണ്ട.ആപ്പിൽ ഓർഡർ ചെയ്താൽ മതി. ഭക്ഷണം പടിക്കലെത്തും. സ്വിഗ്ഗീസ് ഓൺലൈൻ ഭക്ഷണവിതരണക്കാരുമായി കൈ കോർത്താണ് വിയ്യൂർ ജയിലിന്റെ പുതിയ സംരംഭം. ജയിൽ ഭക്ഷണമെന്ന് കരുതി നിസ്സാരമായി കാണേണ്ട. സംഗതി കിടിലനാണ്. ചിക്കൻ ബിരിയാണി, സലാഡ്, 3 ചപ്പാത്തി, ചിക്കൻ കറി, കപ്പ് കേക്ക്, ഒരു കുപ്പി വെള്ളം, വാഴയില.ഇവയെല്ലാം പേപ്പർ കവറിലിട്ടാണ് എത്തിക്കുക. രണ്ട് പേർക്ക് സുഭിക്ഷമായി കഴിക്കാം. ഫ്രീഡം കോംബോ ലഞ്ച് എന്നാണ് പേര്. വില 127 രൂപ. കുപ്പിവെള്ളം വേണ്ടെങ്കിൽ 10 രൂപ കുറയും. ഓൺലൈൻ ആപ്പിൽ കയറിയാൽ ഹോട്ടലിന്റെ സ്ഥാനത്ത് ഫ്രീഡം ഫുഡ് ഫാക്ടറി വിയ്യൂർ എന്ന പേര് കാണാം. ഓർഡർ ചെയ്താൽ ലഞ്ച് റെഡി. വൃത്തിയുള്ള അന്തരീക്ഷത്തിൽ തയ്യാറാക്കിയ രുചിയുള്ള ഭക്ഷണം ഇത്ര വിലക്കുറവിൽ മറ്റെവിടെയും ലഭിക്കില്ലെന്നാണ് ജയിൽ വകുപ്പ് പറയുന്നത് . ഇതേ സമയം ഫ്രീഡം കോംബോ ലഞ്ച് ഓൺലൈനിൽ അല്ലാതെ മറ്റെവിടെയും വാങ്ങാൻ കിട്ടില്ല. ജൂലൈ 11 മുതൽ സ്വിഗ്ഗീസിൽ ജയിൽ ലഞ്ച് റെഡി.