Home അന്തർദ്ദേശീയം കോവിഡും കലാപങ്ങളും തൊഴിലില്ലായ്മയും വോട്ടാക്കി ട്രംപ്: സാഹചര്യങ്ങള്‍ പ്രസിഡന്റിന് അനുകൂലം?

കോവിഡും കലാപങ്ങളും തൊഴിലില്ലായ്മയും വോട്ടാക്കി ട്രംപ്: സാഹചര്യങ്ങള്‍ പ്രസിഡന്റിന് അനുകൂലം?

ര്‍വശീ ശാപം ഉപകാരമായെന്ന് പറയുന്നത് പോലെയാണ് ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവസ്ഥ. കൊറോണ വൈറസ് പ്രതിസന്ധിയും വംശീയാക്രമണവും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു മിനസോട്ടയില്‍ ഗുണകരമായേക്കുമെന്നാണ് സൂചന. ഇത്തരം പ്രതികൂല സാഹചര്യങ്ങളെയെല്ലാം മുതലെടുത്ത് ഇത്തവണയും അധികാരത്തിലേറാനാണ് പ്രസിഡന്റിന്റെ പദ്ധതിയെന്ന് വേണം മനസിലാക്കാന്‍.

അമേരിക്കയിലെ ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള നഗരങ്ങളില്‍ തുടര്‍ച്ചയായ ആഭ്യന്തര അസ്വസ്ഥതകള്‍ കാരണം ജനങ്ങള്‍ റിപ്പബ്ലിക്കന്‍ പക്ഷത്തേക്ക് മാറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് ട്രംപിന് വലിയ രീതിയില്‍ ഗുണം ചെയ്‌തേക്കാം.

1972 മുതല്‍ റിപ്പബ്ലിക്കന്‍സിനോടു ആഭിമുഖ്യം കാണിക്കാതെ നില്‍ക്കുന്ന മിനസോട്ടയെ പ്രസിഡന്റ് ട്രംപിന് മറികടക്കാന്‍ കഴിയുമെന്ന് ജിഒപി സെനറ്റ് സ്ഥാനാര്‍ഥി ജേസണ്‍ ലൂയിസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സെനറ്റ് മല്‍സരത്തില്‍ മുന്‍ കോണ്‍ഗ്രസുകാരന്‍ നിലവിലെ ഡെമോക്രാറ്റ് ടിന സ്മിത്തിനോടാണ് പോരാടുന്നത്.

ഇതോടെ, സംസ്ഥാനത്തിന്റെ പ്രാധാന്യം അംഗീകരിച്ച ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി ജോ ബൈഡന്‍ മിനസോട്ടയില്‍ വ്യക്തിപരമായി പ്രചാരണം നടത്തുമെന്ന് പ്രഖ്യാപിച്ചു. 2016 ല്‍ വെറും 44,000 വോട്ടുകള്‍ക്കാണ് ട്രംപിന് മിനസോട്ട നഷ്ടമായത്.

മിനിയാപൊളിസിലെ ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ മരണത്തെ തുടര്‍ന്നുണ്ടായ കലാപത്തെത്തുടര്‍ന്ന്, ക്രമസമാധാനം പല വോട്ടര്‍മാര്‍ക്കും ഒന്നാംകിട പ്രശ്നമായി മാറിയിരുന്നു. ഇതില്‍ ട്രംപിന്റെ ഇടപെടല്‍ ഗുണകരമായേക്കാം. കൊറോണ വൈറസ് ലോക്ക്ഡൗണും ഡെമോക്രാറ്റിക് ഗവര്‍ണര്‍ ടിം വാള്‍സിന്റെ പകര്‍ച്ചവ്യാധി ആശങ്കകളെയും മറികടക്കാന്‍ ട്രംപിനു കഴിയുമെന്നാണ് സൂചന. രാജ്യത്തൊട്ടാകെയുള്ള നഗരങ്ങളിലെ അസ്വസ്ഥതകള്‍ക്കിടയില്‍ പ്രസിഡന്റ് ട്രംപിന്റെ ക്രമസമാധാന സന്ദേശം ട്രംപ് 2020 ക്യാംപയ്നു പുതിയ ഉള്‍ക്കാഴ്ച നല്‍കിയിട്ടുണ്ട്.

അതേസമയം, കൊവിഡ് വാക്സിന്റെ കാര്യത്തില്‍ ഒരിക്കലും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ മാത്രം കേട്ടുകൊണ്ട് മുന്നോട്ട് പോകാനാകില്ലെന്ന് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസ് പറഞ്ഞു. ശനിയാഴ്ച സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കമലാ ഹാരിസിന്റെ പ്രസ്താവന.

കോവിഡിനെ സംബന്ധിച്ച വിദഗ്ധാഭിപ്രായങ്ങള്‍ അടിച്ചമര്‍ത്തുന്ന രീതിയാണ് പൊതുവില്‍ യു.എസ് പ്രസിഡന്റ് നടത്തിക്കൊണ്ടിരിക്കുന്നത്. കൊവിഡ് വാക്സിന്റെ കാര്യത്തിലും അതേ നിലപാട് തന്നെയാണോ ഉണ്ടാവുക എന്ന കാര്യത്തിലും തനിക്ക് സംശയമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

നിലവില്‍ അറുപത് ലക്ഷത്തിലധികം പേര്‍ക്ക് യു.എസില്‍ കൊവിഡ് ബാധിച്ചിട്ടുണ്ട്. നവംബറില്‍ നടത്താനുദ്ദേശിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ഒരു വാക്സിന്‍ തയ്യാറാക്കാനുള്ള സാധ്യത ട്രംപ് വിശദീകരിച്ചിരുന്നു. അത് പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടില്ലെങ്കിലും തന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടാതിരിക്കാന്‍ ട്രംപ് ഒരു വാക്സിന്റെ പുറത്തെത്തിക്കാന്‍ സാധ്യതയുണ്ടെന്നും കമലാ ഹാരിസ് പറഞ്ഞു.