Home വാണിജ്യം മൊബൈല്‍ കോള്‍, ഡേറ്റ ചാര്‍ജുകള്‍ കൂടുന്നു; നിരക്ക് ഉയര്‍ത്തുമെന്ന് കമ്പനികള്‍

മൊബൈല്‍ കോള്‍, ഡേറ്റ ചാര്‍ജുകള്‍ കൂടുന്നു; നിരക്ക് ഉയര്‍ത്തുമെന്ന് കമ്പനികള്‍

രാജ്യത്ത് മൊബൈല്‍ താരിഫ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി ടെലികോം കമ്പനികള്‍. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താരിഫ് ഉയര്‍ത്താതെ രക്ഷയില്ലെന്ന് പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ പറഞ്ഞു. താരിഫ് ഉയര്‍ത്തുന്ന കാര്യത്തില്‍ യാതൊരുവിധ മടിയുമില്ല. എന്നാല്‍ നിരക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ച് ഏകപക്ഷീയമായ തീരുമാനം എടുക്കില്ലെന്നാണ് എയര്‍ടെല്‍ വ്യക്തമാക്കിയത്.

അടുത്ത് തന്നെ വോയ്സ് നിരക്കും ഡേറ്റ സേവനങ്ങള്‍ക്കുള്ള നിരക്കും ഉയര്‍ത്തിയേക്കുമെന്നാണ് വിവരം. താരിഫ് വര്‍ധിപ്പിക്കുന്നത് ഫോണ്‍വിളിയും ഡേറ്റ ഉപയോഗവും ചെലവേറിയതാക്കും.

പഴയ താരിഫിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നാണ് എയര്‍ടെല്‍ ആവശ്യപ്പെടുന്നത്. മുതല്‍മുടക്കില്‍ നിന്ന് തിരിച്ചുലഭിക്കുന്നത് തുച്ഛമാണ്. ഭൂരിഭാഗം കമ്പനികളും കഷ്ടപ്പെടുകയാണ്. താരിഫ് ഉയര്‍ത്തുന്നത് മോശം കാര്യമായി കാണേണ്ടതില്ല. മുന്‍പ് ഉണ്ടായ സ്ഥിതിയിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് ആവശ്യപ്പെടുന്നത്. അപ്പോഴും ഡേറ്റ ഉപയോഗം ഉപയോക്താവിന് ആസ്വദിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വരുമാനം കുറഞ്ഞവര്‍ പഴയ പോലെ നൂറ് രൂപ വരെ നല്‍കേണ്ടി വരുകയുള്ളൂ. മധ്യനിര, ഉയര്‍ന്ന പ്ലാനുകളിലാണ് താരിഫ് ഉയരുക. 250 രൂപ മുതല്‍ 300 രൂപ വരെ കൊടുത്തു കൊണ്ടിരിക്കുന്ന സ്ഥാനത്ത് അത് 350 രൂപ മുതല്‍ 450 വരെയാകും. എങ്കിലും 15 ജിബി വരെ ഉപയോക്താക്കള്‍ക്ക് സുഗമമായി ഉപയോഗിക്കാന്‍ തടസം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.